yt

കൊല്ലം: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് ശ്രുതി ക്ലബിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കരിക്കോട് തേമ്പാറ തൊടിയിൽ വീട്ടിൽ അനൂപാണ് (36) അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നുവെന്ന് സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ വളർത്തിയ ഏഴ് ചെടികൾ കണ്ടെടുത്തു. നേരത്തെ കഞ്ചാവ് ഉപയോഗിക്കുമായിരുന്ന ഇയാൾ കൈവശം ഉണ്ടായിരുന്ന കഞ്ചാവിന്റെ അരികൾ പാകിയാണ് തൈ വള‌ർത്തിയത്. പിന്നീട് വെള്ള പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ മണ്ണ് നിറച്ച് അതിലേക്ക് മാറ്റുകയായിരുന്നു. ഇവ വീടിന് പിന്നിൽ മതിലിനോട് ചേർത്ത് വളർത്തുകയായിരുന്നു. രണ്ട് ചെടികൾ നാലുമാസം ആയതും ബാക്കി ചെടികൾ ഒരുമാസം പ്രായമുള്ളതുമാണ്. കഞ്ചാവ് വളർത്തിയത് വിൽപ്പനയ്ക്ക് വേണ്ടിയാണെന്നാണ് പൊലീസിന്റെ നിഗമനം. കിളികൊല്ലൂർ എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ സാജ്, രാജഗോപാലൻ, ബിനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.