photo
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ടൗണിൽ നടത്തിയ ശോഭായാത്ര

കൊട്ടാരക്കര: വീഥികളിൽ ഓടക്കുഴലുമായ് മയിൽപ്പീലിക്കണ്ണൻമാർ ഓടിക്കളിച്ചു, രാധയും തോഴിമാരുമൊക്കെ കൂടെച്ചേർന്നു. ദ്വാപരയുഗ സ്മരണകളിൽ ഭക്തമനസുകൾ അലിഞ്ഞു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കൊട്ടാരക്കര മേഖലയിൽ കൂടുതൽ മികവുറ്റതായി. നിറമോലും പീലി നെറുകയിൽ ചാർത്തി മഞ്ഞപ്പട്ടുടയാടകളണിഞ്ഞ് കളിചിരിയുമായി ഉണ്ണിക്കണ്ണൻമാർ കുസൃതികാട്ടി ചിണുങ്ങിയൊക്കെ ഭക്തിയ്ക്കുമപ്പുറം രസാനുഭവങ്ങളായി മാറുകയായിരുന്നു. ഓരോ ശോഭായാത്രയിലും ഒരുപാട് കൃഷ്ണൻമാരും രാധമാരും തോഴിമാരുമൊക്കെ ഉണ്ടായിരുന്നു. വെറുതെ നടന്നു നീങ്ങുകയായിരുന്നില്ല, പാടിയും കളിച്ചും ശോഭായാത്രകളെ അവർ കൂടുതൽ മികവുറ്റതാക്കി. ഉറിയടിയും അനുബന്ധ പരിപാടികളുമൊക്കെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു. ബാലഗോകുലത്തിന്റെയും വിവിധ ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് ശോഭായാത്രകൾ സംഘടിപ്പിച്ചത്. കൊട്ടാരക്കര കുലശേഖരനല്ലൂർ ശ്രീകൃഷ്ണ സ്വാമീക്ഷേത്രം, തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ക്ഷേത്രം, വിലങ്ങറ സുബ്രഹ്മണ്യ സ്വാമീക്ഷേത്രം, കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജയും പാൽപ്പായസ പൊങ്കാലയും വഴിപാടുകളും നടന്നു. തൃക്കണ്ണമംഗൽ, നെടുവത്തൂർ, ഇരണൂർ, വെട്ടിക്കവല, അന്തമൺ, കോട്ടാത്തല, എഴുകോൺ, പുതുശേരിക്കോണം, കാക്കക്കോട്ടൂർ, വല്ലം, കുറുമ്പാലൂർ, ആനക്കോട്ടൂർ, അന്നൂർ, വിലങ്ങറ, ഉമ്മന്നൂർ, പഴിഞ്ഞം, തിരുവട്ടൂർ, നടിക്കുന്ന്, വില്ലൂർ, മേലില, കലയപുരം, താമരക്കുടി, മൈലം, ഇഞ്ചക്കാട്, പള്ളിക്കൽ, പെരുംകുളം, പെരുംകുളം കിഴക്ക്, കോട്ടാത്തല വടക്കം ഭാഗങ്ങളിൽ ശോഭായാത്രകൾ വീഥികളിൽ ഭക്തിനിർഭര കാഴ്ചകളൊരുക്കി.