kappal

കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ ഉണ്ടായിരുന്ന 60 ശതമാനം ഹെവി ഫ്യുവൽ ഓയിൽ സാൽവേജ് ഓപ്പറേഷൻ കപ്പലായ സതേൺ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ ഈമാസത്തിനുള്ളിൽ ഇന്ധനം പൂർണമായും വീണ്ടെടുക്കാമെന്നാണ് കണക്കുകൂട്ടൽ.

എം.എസ്.സി എൽസ 3യിൽ 367 ടൺ ഹെവി ഫ്യുവൽ ഓയിലും 84.4 ടൺ ഡീസലുമുണ്ട്. ജൂലായ് അവസാന വാരമാണ് ഇന്ധനം വീണ്ടെടുക്കൽ ദൗത്യം ആരംഭിച്ചത്. ഇതിനിടയിൽ ശക്തമായ കടൽ ക്ഷോഭം കാരണം വിദേശ കപ്പലായ സതേൺ നോവയും സഹായിക്കുന്ന ഇന്ത്യൻ യാനമായ ഓഫ്ഷോർ മൊണാർക്കും കൊല്ലം പോർട്ടിലേക്ക് പലതവണ മടങ്ങിയിരുന്നു. ഈമാസം രണ്ട് മുതലാണ് ഇന്ധന ശേഖരണം വേഗത്തിലായത്. ബങ്കറിംഗ്, കുടിവെള്ള ശേഖരണം, ക്രൂ ചെയ്ഞ്ച് എന്നിവയ്ക്കായി കഴിഞ്ഞ ദിവസം കൊല്ലം പോർട്ടിലെത്തിയ രണ്ട് യാനങ്ങളും ഇന്ന് രാവിലെ ദൗത്യസ്ഥലത്തേക്ക് മടങ്ങും. ഇന്ധനം പൂർണമായും ശേഖരിച്ച ശേഷം കൊല്ലം പോർട്ടിലെത്തിച്ച് കസ്റ്റംസിന് കൈമാറും. അതിന് ശേഷം കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള രൂപരേഖ തയ്യാറാക്കും.

കണ്ടെയ്നറുകളിൽ തട്ടി വല കീറിയെന്ന് ആരോപിച്ച് നിരവധി ബോട്ടുടമകൾ കപ്പൽ കമ്പിനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സർവേയിൽ കടലിന്റെ അടിത്തട്ടിൽ കണ്ടെയ്നറുകൾ കണ്ടെത്തിയാൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ട നഷ്ടപരിഹാരം കപ്പൽ കമ്പനി നൽകേണ്ടിവരും.

കണ്ടെയ്നറുകൾ കണ്ടെത്താൻ സർവേ

 കണ്ടെയ്നറുകൾ ചോർന്ന് കടലിന്റെ അടിത്തട്ടിൽ കിടപ്പുണ്ടോയെന്ന് കണ്ടെത്താനുള്ള സർവേ ആരംഭിച്ചു

 അപകടകരമായ പദാർത്ഥങ്ങൾ അടങ്ങിയ കണ്ടെയ്നറുകൾ അടിത്തട്ടിലുണ്ടെങ്കിൽ കടലിൽ കലരുന്നത് തടയുകയാണ് ലക്ഷ്യം

 കണ്ടെയ്നറുകളിൽ കുരുങ്ങി വല കീറുന്നുവെന്ന പരാതിയും പരിഹരിക്കണം

 സാൽവേജ് ഓപ്പറേഷനെ സഹായിക്കുന്ന കനേറ മേഗ് ടഗ്ഗിലാണ് വിദഗ്ദ്ധ സംഘം സർവേ നടത്തുന്നത്

 കപ്പൽ മുങ്ങിക്കിടക്കുന്നത് ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ

 കണ്ടെയ്നറുകൾ ഒഴുകാൻ സാദ്ധ്യതയുള്ള കൊല്ലം ഭാഗത്തും പരിശോധന

അറുപത് ശതമാനം ഇന്ധനം വീണ്ടെടുത്തുവെന്നാണ് സാൽവേജ് ഓപ്പറേഷൻ സംഘത്തിൽ നിന്ന് ലഭിച്ച വിവരം.

ക്യാപ്ടൻ അശ്വിനി പ്രതാപ്

കൊല്ലം പോർട്ട് ഓഫീസ‌ർ