കൊല്ലം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒൻപത് പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ, ദേവഹരിതം പച്ചത്തുരുത്ത്, മുളന്തുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, കാവുകൾ എന്നീ വിഭാഗങ്ങളിലായി സംസ്ഥാനത്ത് ഉടനീളം 145 പച്ചത്തുരുത്തുകളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ജില്ലയിൽ 76.11 ഏക്കറിലായി 286 പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പച്ചത്തുരുത്തിൽ കൊല്ലം കോർപ്പറേഷനിൽ സ്ഥാപിച്ച തീരദേശ പച്ചത്തുരുത്തിനാണ് മൂന്നാം സ്ഥാനം. ജില്ലാ തലത്തിൽ തദ്ദേശസ്ഥാപന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കൊല്ലം കോർപ്പറേഷനിലെ തീരദേശം, വെളിയം ഗ്രാമപഞ്ചായത്തിലെ ഓടനാവട്ടം, കല്ലുവാതുക്കലിലെ വിളവൂർ കോണം എന്നീ പച്ചതുരുത്തുകൾക്കാണ്.
സ്കൂളുകളിൽ നിർമ്മിച്ച പച്ചത്തുരുത്തുകളിൽ മൈലം എൻ.എസ്.എസ്.കെ എൽ.പി.എസിനും കലാലയങ്ങളിൽ ഗവ. ഐ.ടി.ഐ ചന്ദനത്തോപ്പിനുമാണ് പുരസ്കാരങ്ങൾ. ദേവഹരിതം പച്ചത്തുരുത്ത് ഇനത്തിൽ തലവൂർ തൃക്കൊന്നമർക്കോട് ദേവസ്വം പച്ചത്തുരുത്തിനും മറ്റ് സ്ഥാപനങ്ങളുടെ ഇനത്തിൽ ചവറ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്, കുളത്തൂപ്പുഴ പോസ്റ്റ് ഓഫീസ് എന്നിവയ്ക്കുമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ശൂരനാട് തെക്ക് കുമരംചിറയിൽ 28 സെന്റിൽ കെ.വി.സക്കീന ആരംഭിച്ച പച്ചത്തുരുത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.
പുരസ്കാര വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ, മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ആകെ
പച്ചത്തുരുത്തുകൾ
4030
ഭൂമി
1272.59 ഏക്കർ