കരുനാഗപ്പള്ളി : വായനാദിനത്തോടനുബന്ധിച്ച് ഗ്രാവിറ്റി കൾച്ചറൽ തിയേറ്ററും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും ചേർന്ന് 'ആയിരത്തിരി അക്ഷരദീപം' എന്ന പരിപാടി സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ താലൂക്കിലെ ഗ്രന്ഥശാല പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് അക്ഷരദീപങ്ങൾ തെളിയിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം 'ഖസാക്ക് കാലം ദേശം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകനായ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ഗായകരായ കെ.എസ്. പ്രിയ, വരലക്ഷ്മി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ, നാടക രംഗത്ത് ശ്രദ്ധേയരായ മീനാക്ഷി, അക്ഷയ രവീന്ദ്രൻ, ആവന്തിക, ചെറുപ്രായത്തിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ച് ശ്രദ്ധേയനായ അമീൻഷ, സൽമ, ഗിരീഷ് ഗോപിനാഥ്, എൽ. ശ്രീലത, ആർ. ഗോപിദാസ് എന്നിവർ അക്ഷരദീപം തെളിക്കുന്നതിന് നേതൃത്വം നൽകി. ഗ്രാവിറ്റി കൾച്ചറൽ തിയേറ്റർ സെക്രട്ടറി വി.വിമൽറോയ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ഇടക്കുളങ്ങര ഗോപൻ, ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത നാടക പ്രവർത്തകൻ ദീപൻ ശിവരാമൻ സംവിധാനം ചെയ്യുന്ന 'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകം ഡിസംബർ 27 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് 'ആയിരത്തിരി അക്ഷരദീപം' എന്ന പരിപാടി സംഘടിപ്പിച്ചത്.