photo
പത്തനാപുരം ടൗണിൽ സ്ഥിതി ചെയ്തിരുന്ന പഴയ പബ്ലിക് മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിലെ പഞ്ചായത്ത് അംഗം അഡ്വ.സഞ്ജുഖാന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മുന്നിൽ മത്സ്യ വ്യാപാരം നടത്തുന്നു

പത്തനാപുരം: തകർച്ചയിലായ പത്തനാപുരം പബ്ലിക് മാർക്കറ്റിന്റെ പ്രവർത്തനം പഴയതുപോലെ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ വ്യത്യസ്തമായ സമരമുറയുമായി രംഗത്ത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ മത്സ്യം ഉൾപ്പെടെയുള്ള സാധനങ്ങൾ ജനങ്ങൾക്ക് വിറ്റഴിച്ചുകൊണ്ടാണ് അവർ പ്രതിഷേധിച്ചത്. ഇന്നലെ പകലാണ് ഈ വേറിട്ട സമരം നടന്നത്. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സഞ്ജുഖാൻ, ഫറൂഖ് മുഹമ്മദ്, എം.എസ്. നിവാസ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുമ്പ് എട്ട് ഏക്കറിലുണ്ടായിരുന്ന മാർക്കറ്റിലെ ഭൂരിഭാഗം സ്ഥലവും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ, ഷോപ്പിംഗ് കോംപ്ലക്സ്, ഗ്യാരേജ്, സ്വകാര്യ സ്ഥാപനമായ ലുലുമാളിന്റെ പാർക്കിംഗ് എന്നിവയ്ക്കായി നൽകിയത് കാരണം അഞ്ഞൂറിലധികം കുടുംബങ്ങൾ വഴിയാധാരമായെന്ന് അഡ്വ. സഞ്ജുഖാൻ ആരോപിച്ചു. പഴയ മാർക്കറ്റിൽ കാലിച്ചന്ത, മത്സ്യം, വെറ്റില തുടങ്ങിയവ വിൽക്കാനും വാങ്ങാനും നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ മാർക്കറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. വ്യാപാരികളെ പുനരധിവസിപ്പിക്കാനോ മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനോ, പഞ്ചായത്തോ, ജനപ്രതിനിധികളോ തയ്യാറാകാത്തതിലുള്ള പ്രതിഷേധമാണ് സമരത്തിന് പിന്നിലെന്ന് സഞ്ജുഖാൻ വ്യക്തമാക്കി. പഴയ വ്യാപാരികളെ സംരക്ഷിക്കാൻ മാർക്കറ്റ് പുനരാരംഭിക്കാൻ 5 കോടി രൂപ അനുവദിക്കുമെന്ന് സ്ഥലം എം.എൽ.എ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ അറിയിച്ചു. സംഭവം അറിഞ്ഞ് പൊലീസും പഞ്ചായത്ത് പ്രസിഡന്റ് തുളസിയും വൈസ് പ്രസിഡന്റ് നസീമ ഷാജഹാനും സ്ഥലത്തെത്തി. എന്നാൽ, പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കച്ചവടം തകൃതിയായി തുടർന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും സമരക്കാരുമായി വാക്കേറ്റമുണ്ടായി. എല്ലാ സാധനങ്ങളും വിറ്റഴിച്ച ശേഷമാണ് അംഗങ്ങൾ പിരിഞ്ഞുപോയത്.