photo
തടിക്കാട് - പൊലിക്കോട് റോഡിൽ അറയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപത്തെ ചിറയിലേക്ക് നിയന്ത്രണംവീട്ട് മറിഞ്ഞ പിക്കപ് വാൻ.

അഞ്ചൽ : എതിരേ വന്ന ബസിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം വിട്ട പിക് അപ്പ് വാൻ റോഡരികിലെ ചിറയിലേക്ക് മറിഞ്ഞു. തടിക്കാട് - പൊലിക്കോട് റോഡിൽ അറയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ പാലമുക്ക് സ്വദേശി ബിനീറിനെ (40) നിസാര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംരക്ഷണഭിത്തി തകർന്നത് അപകടകാരണമായി

അപകടം നടന്ന സ്ഥലത്തെ റോഡിന്റെയും ചിറയുടെയും സംരക്ഷണഭിത്തി കഴിഞ്ഞ ഡിസംബർ മുതൽ തകർന്നു കിടക്കുകയാണ്. അപകടസാദ്ധ്യത മനസ്സിലാക്കിയ നാട്ടുകാർ ടാർ വീപ്പകളും തുണികളും ഉപയോഗിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. മാസങ്ങൾക്ക് മുൻപ് വീണ്ടും ഒരു ഭാഗം കൂടി ഇടിഞ്ഞുവീഴുകയും ചെയ്തു. തുടർന്ന്, കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ എത്തി സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.

കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണം
നാല് വർഷം മുൻപ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ റോഡ് പുനർനിർമ്മിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് സംരക്ഷണഭിത്തി കെട്ടി റോഡിന് വീതി കൂട്ടാൻ അധികൃതർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ചില പ്രദേശവാസികൾ ചിറയുടെ വിസ്തൃതി കുറയുമെന്ന വാദം ഉന്നയിച്ച് ഇതിനെ എതിർക്കുകയുണ്ടായി. ഇത് കാരണം ഈ ഭാഗത്ത് ടാറിംഗ് പണികൾ മാത്രമാണ് നടന്നത്. റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് അപകടങ്ങൾ പതിവായതോടെ, റോഡ് പുറമ്പോക്ക് കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.