
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ ടോറസ് ലോറി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെ 2.45നായിരുന്നു അപകടം. ആര്യങ്കാവിൽ നിന്ന് കൊല്ലത്തേക്ക് പോയ ലോഡ് കയറ്റിയ ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കൊട്ടാരക്കര പുലമൺ കവലയ്ക്ക് സമീപത്ത് റോഡരികിലെ വിജയാസ് ആശുപത്രിയുടെ മതിലും ഗേറ്റുമുൾപ്പടെ തകർത്താണ് ലോറി നിന്നത്. ഡ്രൈവർ ആര്യങ്കാവ് പതിനാറേക്കർ ചരുവിള പുത്തൻവീട്ടിൽ എസ്.സൂര്യയ്ക്ക് (26) പരിക്കേറ്റു. കൊട്ടാരക്കര ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ കാലിന് സാരമായി പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. എപ്പോഴും തിരക്കുള്ള ആശുപത്രിയിലാണ് അപകടമുണ്ടായത്. പുലർച്ചെയായതിനാലാണ് വൻ ദുരന്തം ഒഴിവായത്.