കൊല്ലം: കുണ്ടറ- കണ്ണനല്ലൂർ റോ‌ഡിൽ പെരുമ്പുഴ മുതൽ മൃഗാശുപത്രി ജംഗ്ഷൻ വരെ റോഡിന് ഇരു വശവും റോഡിനും നടപ്പാതയ്ക്കും ഇടയിലും മണ്ണ് കൂട്ടി​യി​ട്ടി​രി​ക്കുന്നത് അപകട ഭീഷണി​യാവുന്നു. കൊട്ടിയം- കുണ്ടറ റോഡ് നിർമ്മാണ സമയത്ത് നടപ്പാതയ്ക്കായി പലയിടങ്ങളിൽ നിന്ന് എടുത്തുമാറ്റിയ ടൺ കണക്കിന് ചെമ്മണ്ണാണ് ഒരാൾപൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്നത്.

കാൽനട യാത്രക്കാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നത്. മൺകൂനകൾ പലതും കാടുകയറി കിടക്കുന്നതിനാൽ നടപ്പാതകൾ ഒഴിവാക്കി റോഡിലൂടെയാണ് നിലവിൽ കാൽനടയാത്രികർ പോകുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ വശംകൊടുക്കാൻ ഒതുക്കവേ ചെറിയ വാഹനങ്ങൾ മൺകൂനകളിലേക്ക് ഇടിച്ചു കയറുന്നുണ്ട്.

മണ്ണ് ലേലത്തിൽ എടുക്കാൻ ആരും വരാത്തതാണ് നിലവിലെ പ്രതിസന്ധിയെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. നിലവിൽ ഓൺലൈൻ വഴിയാണ് ലേലം. ഇതേപ്പറ്റി വ്യക്തമായ അറിവില്ലാത്തതിനാൽ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാൻ ആരുമെത്തുന്നില്ല എന്നാണ് അധികൃതരുടെ വാദം.

ഈ ഭാഗത്ത് റോഡിനും നടപ്പാതയ്ക്കും ഇടയിൽ നല്ല വീതിയിൽ സ്ഥല സൗകര്യം ഉള്ളതിനാലാണ് പലയിടങ്ങളിൽ നിന്നുള്ള മണ്ണ് ഇവിടെ കൊണ്ടിട്ടത്. ഉടൻ തന്നെ നീക്കം ചെയ്യുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വർഷങ്ങളായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല

ജി. ദാമോദരൻ, പ്രദേശവാസി

കൊട്ടിയം കുണ്ടറ റോഡിന്റെ നിർമ്മാണ സമയത്ത് നിക്ഷേപിച്ച മണ്ണാണ്. ഈ മാസം 26 ന് മണ്ണ് നീക്കം ചെയ്യുന്നതിന് ലേലം വച്ചിട്ടുണ്ട്.ലേലത്തിൽ മണ്ണെടുക്കുന്നതിന് താല്പര്യത്തോടെ ആരെങ്കിലും എത്തുകയാണെങ്കിൽ 10 ദിവസത്തിനകം മണ്ണ് നീക്കം ചെയ്യും - അസിസ്റ്റന്റ് എഞ്ചിനീയർ,കുണ്ടറ