കൊല്ലം: ദേശീയപാത വി​കസന പ്രവർത്തനങ്ങൾ നടക്കുന്ന കടവൂർ, നീരാവിൽ ഭാഗത്ത് വേണ്ടത്ര സംരക്ഷണം ഒരുക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. സർവീസ് റോഡിന്റെയും ഓടയുടെയും നിർമ്മാണമാണ് പുരോഗമി​ക്കുന്നത്.

പ്രധാന റോഡിന്റെ ഇരുവശത്തും (പള്ളിവേട്ടചിറയിലും ഇവിടെ നിന്ന് നീരാവിലേക്കുള്ള ഭാഗത്തും) ഓടയ്ക്കായി ആഴത്തിൽ കുഴി എടുത്തിട്ടുണ്ട്. റോഡരി​കി​ൽ കൂട്ടി​യി​ട്ടി​രി​ക്കുകയാണ് മണ്ണ്. നിർമ്മാണത്തിനായി എത്തിച്ച യന്ത്രങ്ങളും റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്തി​രി​ക്കുന്നത്. ഇത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ, ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ശക്തികുളങ്ങര സ്വദേശിനി ട്രെയിലറിനടിയിലേക്ക് വീണ് പിൻചക്രം കയറിയി​റങ്ങി ദാരുണമായി മരി​ച്ചത് ഇവി​ടെയാണ്. മൺകൂനയിൽ കയറി ഇരുചക്രവാഹനം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. ഒരാഴ്ച മുൻപാണ് ഇവിടെ ഓടയ്ക്കായി കുഴിയെടുത്തത്.

നീരാവിൽ എൽ.പി സ്‌കൂൾ, നീരാവിൽ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കി​ന് വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകുന്നതും കുഴിയെടുത്തിട്ടിരിക്കുന്ന ഈ ഭാഗത്തുകൂടിയാണ്. കുട്ടികൾക്കടക്കം അപകട ഭീഷണി ഉയർത്തിയിട്ടും സുരക്ഷ ഒരുക്കാൻ കരാർ കമ്പനിക്കാരോ ബന്ധപ്പെട്ട അധികൃതരോ തയ്യാറാകുന്നില്ല. വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ റോഡിലെ കുഴിയോ മൺകൂനയോ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാറില്ല. വീതി കുറഞ്ഞ തിരക്കേറിയ റോഡിൽ ഇവയിൽ തട്ടാതിരിക്കാൻ വെട്ടിച്ച് മാറ്റുമ്പോഴും അപകടങ്ങൾ പതിവാണ്.

സുരക്ഷ ഒരുക്കാതെ നി​ർമ്മാണം

 സുരക്ഷ ഒരുക്കാതെയുള്ള ദേശീയപാത വികസനം അപകടങ്ങൾക്ക് കാരണമാകുന്നു

 അപകടം നടന്ന ഭാഗത്ത് നീരാവിൽ ഡിവിഷൻ കൗൺസിലർ എൽ. സിന്ധുറാണി, കുരീപ്പുഴ ഡിവിഷൻ കൗൺസിലർ ഗിരിജ തുളസി എന്നി​വരുടെ നേതൃത്വത്തി​ൽ ഇന്നലെ മുക്കാൽ മണിക്കൂറോളം റോഡ് ഉപരോധിച്ചു

 തുടർന്ന് ഡെപ്യൂട്ടി കളക്ടർ രാകേഷ് കുമാർ സ്ഥലത്തെത്തി

 ഇന്നോ നാളെയോ കരാർ കമ്പനി പ്രതിനിധിയുമായും ദേശീയപാത അധികൃതരുമായും ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്

റോഡ് നിറയെ കുഴിച്ചിട്ടിരിക്കുകയാണ് . യാത്രക്കാർക്ക് കാണാൻ പറ്റുന്ന രീതിയിലുള്ള സൈൻ ബോർഡുകളൊന്നുമില്ലാതെയാണ് റോഡുപണി​

ഭാർഗവൻ, പ്രദേശവാസി

ഇഴഞ്ഞാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളടക്കം പോകുന്ന വഴിയിൽ യാതൊരു മുന്നറിയിപ്പും സുരക്ഷയും ഇല്ലാതെയാണ് ഓടയ്ക്ക് കുഴിയെടുത്തിട്ടുള്ളത്

എൽ. സിന്ധുറാണി, കൗൺസിലർ, നീരാവിൽ ഡിവിഷൻ