പുനലൂർ: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ ലഭിച്ചിട്ടും പുനലൂർ ഡിപ്പോ കടുത്ത അവഗണന നേരിടുന്നു. മറ്റ് ഡിപ്പോകൾക്ക് പുതിയ ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ലിങ്ക് ബസുകൾ അനുവദിച്ചപ്പോൾ പുനലൂരിന് ലഭിച്ചത് ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് മാത്രം. പി.എസ്.സുപാൽ എം.എൽ.എ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി പ്രഖ്യാപിച്ച കോയമ്പത്തൂർ സർവീസ്, മൂന്നാർ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങിയ വാഗ്ദാനങ്ങൾ ഇതുവരെ നടപ്പിലായിട്ടില്ല. സമീപ ഡിപ്പോകളിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കുമ്പോഴും പുനലൂരിലെ പ്രഖ്യാപനങ്ങൾ വെറും കടലാസിലൊതുങ്ങുന്നു. പുതിയ ദീർഘ ദൂര സർവീസായ പത്തനാപുരം - കന്യാകുമാരി , തിരുവനന്തപുരം - തൊടുപുഴ എന്നി സർവീസുകളും പുനലൂർ വഴിയല്ല സർവീസ് നടത്തുന്നത്. കിഴക്കൻ മേഖലയിലെ ഒരു പ്രധാന ഡിപ്പോയായിട്ടും പുനലൂരിനെ അവഗണിക്കുന്നതിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ പ്രതികരിക്കുന്നില്ല.
ഗതാഗതമന്ത്രി എത്തിയില്ല
ഡിപ്പോയുടെ ഗ്യാരേജ് വളരെ പഴക്കമുള്ളതും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. മേൽക്കൂര തകർന്നതിനാൽ ജീവനക്കാർ ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ചാണ് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷ നേടുന്നത്. ഡിപ്പോയിലെ അശാസ്ത്രീയ നിർമ്മാണങ്ങൾ കാരണം അടുത്തിടെ ഉണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി ഡിപ്പോ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും സന്ദർശനം ഉണ്ടായില്ല.
നടപ്പാക്കാത്ത വാഗ്ദാനങ്ങൾ
4 വർഷം മുൻപ് എം.എൽ.എ പ്രഖ്യാപിച്ച കോയമ്പത്തൂർ സർവീസ് ഇതുവരെയും ആരംഭിച്ചിട്ടില്ല. മറ്റ് ഡിപ്പോകളായ കായംകുളം, പത്തനാപുരം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപ് കളക്ഷൻ കുറഞ്ഞതിനാൽ നിറുത്തിവെച്ച പുനലൂർ-മൂന്നാർ സർവീസ് ഫാസ്റ്റ് പാസഞ്ചറായി പുനരാരംഭിക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.
ഒന്നര വർഷം മുൻപ് ഡ്രൈവർ -കം-കണ്ടക്ടർമാരുടെ കുറവ് മൂലം നിറുത്തിവെച്ച പുനലൂർ-വഴിക്കടവ് സർവീസ് പുനരാരംഭിച്ചിട്ടില്ല.
നാല് വർഷം മുൻപ് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് ഇപ്പോഴും പ്രഖ്യാപനത്തിൽ ഒതുങ്ങിയിരിക്കുകയാണ്.
കംഫർട്ട് സ്റ്റേഷൻ ഇല്ല
കേരളത്തിലെ പ്രധാനപ്പെട്ട ഇന്റർ സ്റ്റേറ്റ് ഡിപ്പോ ആയിട്ടും പുനലൂരിൽ സ്വന്തമായി കംഫർട്ട് സ്റ്റേഷൻ ഇല്ല. മുനിസിപ്പൽ കംഫർട്ട് സ്റ്റേഷൻ രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കൂ. ഇത് രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.