കൊല്ലം: എം.ജി.എം ഗ്രൂപ്പ് ഒഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ഫാർമസി കോളേജ് ആരംഭിക്കുന്നു. കൈതക്കുഴിയിൽ എം.ജി.എം അക്കാഡമി ഒഫ് ഫാർമസി എന്ന പേരിൽ തുടങ്ങുന്ന കോളേജ് 19ന് ഉച്ചയ്ക്ക് 2.30ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പുതിയ ഫാർമസി ബ്ളോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജി.എസ്.ജയലാൽ എം.എൽ.എ, എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ എന്നിവർ പങ്കെടുക്കും. നാലുവർഷ ബിരുദ കോഴ്സായ ബി-ഫാം, രണ്ടുവർഷ ഡിപ്ളോമ കോഴ്സായ ഡി-ഫാം എന്നീ കോഴ്സുകളാണ് ഈ അദ്ധ്യയന വർഷം തുടങ്ങുന്നത്. 60 സീറ്റുകൾ വീതമാണുള്ളത്. പ്രവേശന നടപടികൾ ഒക്ടോബർ 30ന് മുമ്പായി പൂർത്തിയാക്കും.
ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയുടെയും കേരള സർക്കാരിന്റെയും കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെയാണ് കോഴ്സ് തുടങ്ങുന്നത്. മതിയായ സൗകര്യങ്ങളുള്ള രണ്ട് കെട്ടിടങ്ങൾ നിലവിലുണ്ട്. മൂന്നാമത്തെ കെട്ടിടത്തിന്റെ നിർമ്മാണവും അന്നേ ദിവസം തുടങ്ങും.
എം.ജി.എം ഗ്രൂപ്പിന് കീഴിൽ വിവിധ ജില്ലകളിലായി നിലവിൽ രണ്ട് എൻജിനിയറിംഗ് കോളേജുകളും നാല് ഫാർമസി കോളേജുകളും നാല് പോളിടെക്നിക് കോളേജുകളും ഒരു ആർട്സ് ആൻഡ് സയൻസ് കോളേജും 15 സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഇരുപത്തി ഏഴാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് മീയണ്ണൂരിന് സമീപത്തെ കൈതക്കുഴിയിൽ പ്രവർത്തനം തുടങ്ങുന്നത്. ഇവിടെ ബി-ഫാമിലേക്ക് രണ്ട് കുട്ടികളെയും ഡി-ഫാമിലേക്ക് ഏഴ് കുട്ടികളെയും നൂറ് ശതമാനം സ്കോളർഷിപ്പോടെ പഠിപ്പിക്കാനും സൗകര്യമൊരുക്കുന്നുണ്ട്. അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് തിരഞ്ഞെടുക്കുക. പത്രസമ്മേളനത്തിൽ എം.ജി.എം കോളേജസ് എക്സി.ഡയറക്ടർ എച്ച്.അഹിനസ്, ഗോപിനാഥ് മഠത്തിൽ, മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.