
കരുനാഗപ്പള്ളി: ആലപ്പാട് പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രബോധിനി സാഹിത്യ പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ അർഹനായി. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 28ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു അവാർഡ് സമ്മാനിക്കും. എം.മുകുന്ദന്റെ ഒരു ദളിത് യുവതിയുടെ കദനകഥ' എന്ന സാമൂഹിക പ്രതിബദ്ധതയുള്ള കൃതിയാണ് സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഡോ. വള്ളിക്കാവ് മോഹൻദാസ് ചെയർമാനും എഴുത്തുകാരി ശാന്താ മുരളീധരൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.ദീപു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.