കൊല്ലം: തെരുവ് വിളക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓൺലൈൻ വഴി പരിഹരിക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് മേയർ ഹണി ബഞ്ചമിൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിലെ തെരുവുവിളക്കുകൾ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ ഉന്നയിച്ച പരാതികൾക്ക് മറുപടി നൽകുകയായിരുന്നു മേയർ. പൊതുജനങ്ങൾക്ക് സോഫ്റ്റ് വെയറിന്റെ സഹായത്തിൽ തെരുവുവിളക്കുകളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സംവിധാനമൊരുക്കും. ചിന്നക്കട എക്‌സൈസ് ഡിവിഷണൽ ഓഫീസിനു മുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് വച്ചാലുടൻ ബസ്‌ സ്റ്റോപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മേയർ പറഞ്ഞു.

കുടിവെള്ള ക്ഷാമത്തിനും മാലിന്യ സംസ്‌കരണത്തിനും മാറ്റമുണ്ടാക്കാൻ ഭരണപക്ഷത്തിന് കഴിയുന്നില്ലെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഡി.കാട്ടിൽ ആരോപിച്ചു. പോളയത്തോട് ഗ്രീൻഹൗസ് കമ്പനി മാലിന്യം മാറ്റുന്നുണ്ടെന്നും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് മാലിന്യ നീക്കം നടക്കുന്നതെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ യു.പവിത്ര പറഞ്ഞു

കോർപ്പറേഷൻ പരിധിയിലെ ഇടുങ്ങിയ റോഡുകളിലൂടെ വെള്ളം എത്തിക്കാൻ ചെറിയ വാഹനം വാങ്ങി നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് പറഞ്ഞു. കോളേജ് ജംഗ്ഷനിലെ ആൽമരം എത്രയും വേഗം മുറിച്ചു മാറ്റണമെന്ന് കൗൺസിലർ കുരുവിള ജോസഫ് ആവശ്യപ്പെട്ടു. കോളേജ് ജംഗ്ഷനിലെ ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശീയപാത അധിക‌ൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി ഇത് മുറിച്ചുമാറ്റാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.കെ.സവാദ് പറഞ്ഞു.പല ഡിവിഷനുകളിലും റോഡുമായി ബന്ധപ്പെട്ട ജോലികൾ ബാക്കിയാണെന്ന് കൗൺസിലർ പുഷ്പാംഗദൻ ആരോപിച്ചു.