അറ്റകുറ്റപ്പണി ഇന്നു തുടങ്ങും
കൊല്ലം: കോർപ്പറേഷനിലെ 5 ഡിവിഷനുകളിൽ കുടിവെള്ള ക്ഷാമമുണ്ടാക്കിയ പൈപ്പ് പൊട്ടലിന് പരിഹാരമൊരുക്കാൻ വാട്ടർ അതോറിട്ടി രംഗത്തിറങ്ങുന്നു. രണ്ടു ദിവസം കൊണ്ട് പ്രവൃത്തികൾ പൂർത്തിയാക്കുമെന്നാണ് അറിയിപ്പെങ്കിലും പണി നീണ്ടുപോയാൽ ടാങ്കറിൽ വെള്ളമെത്തിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലാത്തത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.
ശാസ്താംകോട്ടയിൽ നിന്ന് കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന, വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈൻ കാവനാട് ആൽത്തറമൂട് ഭാഗത്തു മാറ്റി സ്ഥാപിക്കുന്നതിനിടെ ഒരു മാസം മുൻപാണ് ചോർച്ച ഉണ്ടായത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് പൈപ്പ് മാറ്റിയത്. എന്നാൽ അന്ന് പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസം കൊണ്ട് പൂർത്തിയാകുമെന്ന് കരുതി ആരംഭിച്ച പണി ഒരാഴ്ചയോളം നീണ്ടതോടെ കൗൺസിലർമാർ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ഇതോടെ അന്ന് നിറുത്തിവെച്ച പണികൾ ഇന്ന് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഡിവിഷനിലെ ഉൾപ്രദേശങ്ങളിലും വാഹന സൗകര്യമില്ലാത്ത തുരുത്തുകളിലും ടാങ്കറുകളിൽ പോലും വെള്ളമെത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. അറ്റകുറ്റപ്പണി നീണ്ടു പോയാൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടേണ്ടി വരും. കടലിനോടും കായലിനോടും ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർ കുഴിക്കുന്നത് പ്രയോഗികമല്ല. വാട്ടർ അതോറിട്ടിയുടെ വെള്ളമാണ് ഏക ആശ്രയം.
ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടൽ തുടർക്കഥയായതിനാൽ രണ്ട് വർഷമായി ശക്തികുളങ്ങര സോണലിലെ ഡിവിഷനുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
പ്രതിസന്ധിയുണ്ടായ ഡിവിഷനുകൾ
മരുത്തടി ശക്തികുളങ്ങര മീനത്തുംചേരി കന്നിമേൽ ആലാട്ടുകാവ്
രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിൽ വീഴ്ച സംഭവിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും
ദീപു ഗംഗാധരൻ, മീനത്തുംചേരി, കൗൺസിലർ