നിറുത്തിവച്ച സർവീസുകൾ പുനരാരംഭിക്കുന്നില്ല

മൺറോത്തുരുത്ത്: കൊവിഡ് സമയത്ത് വെട്ടിക്കുറച്ച സർവീസുകൾ കെ.എസ്.ആർ.ടി.സി പുനരാരംഭിക്കാത്തത് മൺറോത്തുരുത്തുകാരെ വലയ്ക്കുന്നു. നിരവധി തവണ നിവേദനം നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇക്കാര്യം ഗൗരവത്തിൽ എടുക്കുന്നേയില്ല.

പതിറ്റാണ്ടുകളായി കെ.എസ്.ആർ.ടി.സി ലാഭകരമായി നടത്തിയിരുന്ന സർവീസുകളായിരുന്നു അഞ്ചാലുംമൂട് വഴിയുള്ള മൺറോത്തുരുത്ത്, മെയിൻ റോഡ് വഴിയുള്ള ശിങ്കാരപ്പള്ളി, തിരുവനന്തപുരം- മൺറോത്തുരുത്ത് ഫാസ്റ്റ് പാസഞ്ചർ എന്നിവ. മറ്റ് ഗ്രാമീണ മേഖലയിലേക്കുള്ള സർവ്വീസുകൾ ഒന്നൊന്നായി പുന:രാരംഭിച്ചെങ്കിലും ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

മൺറോത്തുരുത്തിൽ സ്റ്റേ ചെയ്ത് പുലർച്ചെ പുറപ്പെട്ടിരുന്ന ബസിനെ ആശ്രയിച്ചിരുന്ന നൂറ് കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. പേരയം വഴി സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറും നിറുത്തലാക്കി. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ തിരുവനന്തപുരം മെഡി. ആശുപത്രിയിലും മറ്റും പോകാൻ ഏറെ ആശ്രയമായിരുന്നു ഈ സർവീസ്. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് അധികൃതർ ഗതാഗത മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയപ്പോൾ സർവീസുകൾ ഉടൻ പുനരാരംഭിക്കാം എന്നായിരുന്നു മറുപടിയെങ്കിലും ഒന്നുമുണ്ടായില്ല. ടൂറിസം മേഖലയിൽ സജീവമായി നിൽക്കുന്ന പഞ്ചായത്തിനോടാണ് ഈ അവഗണന.

ആശ്വാസ വഴികൾ ഏറെ

ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് കൊട്ടിയം, മേവറം, കല്ലുന്താഴം, മുക്കട, പേരയം, ചിറ്റുമല വഴി മൺറോത്തുരുത്തിലേക്കും കൊല്ലത്തു നിന്ന് കരിക്കോട്, മുക്കട പേരയം വഴി മൺറോത്തുരുത്തിലേക്കും നിലവിലുണ്ടായിരുന്ന റൂട്ട് വഴി കൊല്ലം ശിങ്കാരപ്പള്ളി ഓർഡിനറി സർവീസുകളും ആരംഭിച്ചാൽ ദേശസാത്കൃത റൂട്ടായ കുണ്ടറ, കാഞ്ഞിരകോട്, പേരയം രണ്ട് റോഡ് മുക്ക് വരെയുള്ള യാത്രാക്ലേശത്തിന് അറുതിയാവും. ഈ റൂട്ടിലെ കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് വേഗം എത്താനാവും. മൺറോത്തുരുത്തിലേക്ക് തദ്ദേശിയരായ സഞ്ചാരികൾക്ക് എത്തിച്ചേരാനും സഹായകരമാണ്.

മൺറോത്തുരുത്തിലേക്കും ശിങ്കാരപ്പള്ളിയിലേക്കും സർവീസ് നടത്തിയിരുന്ന എല്ലാ കെ.എസ്.ആർ.ടി.സി സർവ്വീസുകളും ഉടൻ പുനരാരംഭിക്കണം

മൺറോത്തുരുത്ത് ഭാസി, എസ്.എൻ.ഡി.പി യോഗം കുണ്ടറ യുണിയൻ വൈസ് പ്രസിഡന്റ്

.......................................

മൺറോത്തുരുത്തിലേക്ക് കെ.എസ്.ആർ.ടി.സിയുടെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, ചാത്തന്നൂർ ഡിപ്പോകളിൽ നിന്ന് സർവ്വീസുകൾ ആരംഭിച്ചാൽ ടൂറിസം മേഖലയിലേക്ക് കൂടുതൽ ആൾക്കാർ എത്തിച്ചേരും

കെ.രാധാകൃഷ്ണണൻ, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്