കൊല്ലം: മാനത്തൊരു ചെറിയ മഴ നിറഞ്ഞാൽ, എസ്.വി ടാക്കീസ്- ഉളിയക്കോവിൽ റോഡിൽ വെള്ളം പൊങ്ങാൻ തുടങ്ങും! വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ യാതൊരു ഇടപെടലും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല.
കോതേത്ത് കമ്പനിക്ക് സമീപത്തെ 100 മീറ്റർ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡാണ് ചെറിയ മഴയിൽപ്പോലും തോടായി മാറുന്നത്. നിരവധി കുടുംബങ്ങൾ റോഡിന്റെ ഇരുവശത്തുമുണ്ട്. വെള്ളം ഒഴുകിപ്പോകാനായി ഈ ഭാഗത്ത് ഓട ഇല്ലാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. നിരവധി വാഹനങ്ങൾ ഈ കുഴി താണ്ടിയാണ് പ്രതിദിനം കടന്നു പോകുന്നത്. റോഡിന് വീതി കുറവും ഇരുവശവും മതിലും ആയതിനാൽ കാൽനട യാത്രികർക്ക് പലപ്പോഴും ഒഴിഞ്ഞുമാറാൻ കഴിയില്ല. വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളിവെള്ളത്തിൽ കുളിച്ച് വേണം കാൽനട യാത്രക്കാർ സഞ്ചരിക്കാൻ.
കഴിഞ്ഞ ദിവസം പെയ്ത മഴയിലും റോഡ് മൊത്തം വെള്ളക്കെട്ടായി. മാനം തെളിഞ്ഞാലും ദിവസങ്ങൾ വേണം വെള്ളമിറങ്ങാൻ. തുടർച്ചയായി മഴ പെയ്താൽ ഇവിടെയുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഓരോ മഴക്കാലത്തും തങ്ങളുടെ ദുരിതം ആവർത്തിക്കുമെന്നിരിക്കെ, അധികൃതർ അനങ്ങാതെ നിൽക്കുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
വല്ലാത്ത ദുരവസ്ഥ
വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ കാൽനട യാത്ര പോലും വല്ലാത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്. നിറുത്താതെ മഴ പെയ്താൽ മുട്ടൊപ്പം വെള്ളത്തിലാണ് പിന്നീട് യാത്ര. അഴുക്ക് വെള്ളത്തിൽ ചവിട്ടാതെ നടക്കാൻ നാട്ടുകാർ റോഡരികിൽ സിമന്റ് കട്ട നിരത്തിയിരിക്കുകയാണ്. റോഡിൽ പലഭാഗത്തും ടാറിളകി ആഴമുള്ള കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്.
റോഡിന്റെ നവീകരണം നടത്തിയിട്ട് അധികമായിട്ടില്ല. വീതി കുറവായതിനാൽ ഈ ഭാഗത്ത് ഓട നിർമ്മിക്കാനും കഴിയില്ല. റോഡിന്റെ ബാക്കി ഭാഗത്ത് നവീകരണ പ്രവർത്തനം തുടങ്ങുമ്പോൾ വെള്ളക്കെട്ടിനും പരിഹാരം കാണാൻ ശ്രമിക്കും
കൃപ വിനോദ്, കൗൺസിലർ, കടപ്പാക്കട ഡിവിഷൻ