ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ കറ്റാടി, പയ്യക്കോട് വാർഡുകളിലെ മിക്ക തെരുവ് വിളക്കുകളും പ്രകാശിക്കുന്നില്ല. പുതിയ ബൾബുകൾ സ്ഥാപിച്ചാലും രണ്ടോ മൂന്നോ ദിവസത്തിനകം അവ കേടാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാറ്റാടി, ഓട്ടുമല, കൊട്ടേക്കോണം എന്നിവിടങ്ങളിലും പയ്യക്കോട് വാർഡിലെ കല്ലിടുക്കിൽ ഭാഗത്തും ഈ പ്രശ്നം രൂക്ഷമാണ്.
നിലവാരം കുറഞ്ഞ ബൾബുകൾ
പുതിയ ബൾബുകൾ വേഗം കേടാകുന്നതിനാൽ, റിപ്പയർ ചെയ്ത പഴയ ബൾബുകളോ നിലവാരം കുറഞ്ഞ ബൾബുകളോ ആയിരിക്കാം സ്ഥാപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. തെരുവ് വിളക്കുകളുടെ അഭാവത്തിൽ വന്യജീവികളായ പന്നി, മുള്ളൻപന്നി, കുറുക്കൻ എന്നിവ റോഡുകളിലും കൃഷിയിടങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കുന്നു. തരിശായി കിടക്കുന്ന ഭൂമിയും കെ.ഐ.പി കനാലുകളും പുറമ്പോക്കുകളും കാടുപിടിച്ച് കിടക്കുന്നതാണ് വന്യജീവികൾ പെരുകാൻ കാരണം.
കനാൽ ശുചീകരണം ഫലവത്താകുന്നില്ല
മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. അവർ കനാലിന്റെ ഉൾഭാഗവും ചുറ്റും വൃത്തിയായി വെട്ടിത്തെളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ കരാറുകാർക്ക് ജോലി നൽകിയതോടെ, യന്ത്രങ്ങൾ ഉപയോഗിച്ച് കനാലിന്റെ ഉൾവശം മാത്രം വെട്ടിമാറ്റി മടങ്ങുകയാണ് പതിവ്. ഇത് കാടു പെട്ടെന്ന് വീണ്ടും വളരുന്നതിന് കാരണമാകുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ കനാൽ ശുചീകരണത്തിനും തരിശ് ഭൂമിയിലെ കാടുവെട്ടിത്തെളിക്കാനും നിയോഗിച്ചാൽ വന്യജീവിശല്യം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. ഈ വിഷയത്തിൽ പഞ്ചായത്തും ഇലക്ട്രിസിറ്റി ബോർഡും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണം.
നാട്ടുകാർ