ddd
മുട്ടറ മരുതിമലയിൽ നിന്നും കട്ടയിൽ പ്രദേശത്തു കടന്നുകൂടിയ വാനരന്മാർ

ഓടനവട്ടം : മുട്ടറ, കട്ടയിൽ പ്രദേശങ്ങളിൽ വാനര ശല്യം രൂക്ഷമായതോടെ കാർഷിക വിളകൾക്ക് വലിയ നാശനഷ്ടം സംഭവിക്കുന്നു. പതിനഞ്ചോളം വരുന്ന വാനരക്കൂട്ടം പകൽ സമയങ്ങളിൽ കൂട്ടമായി എത്തിയാണ് കൃഷി നശിപ്പിക്കുന്നത്. മുട്ടറ മരുതിമലയിൽ ആവാസ കേന്ദ്രമുള്ള ഇവറ്റകൾക്ക് അവിടെ ഭക്ഷണം കിട്ടാത്തതാണ് നാട്ടിലിറങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

വ്യാവസായിക വിളകൾക്ക് നാശം

വിളവെടുപ്പിന് പാകമായ വാഴക്കുലകൾ, കരിക്കിൻ കുലകൾ, മരച്ചീനി, പപ്പായ, പേരയ്ക്ക തുടങ്ങിയവ കൂട്ടത്തോടെ നശിപ്പിക്കുകയാണ് വാനരന്മാർ. കുറച്ച് വിളകൾ ഭക്ഷിച്ചശേഷം ബാക്കിയുള്ളവ ഉപേക്ഷിച്ചുപോകും. ചെടികൾ വേരോടെ പിഴുതെറിയുന്നതും പതിവാണ്. ഉച്ച കഴിഞ്ഞാണ് ഇവറ്റകൾ സാധാരണയായി എത്തുന്നത്. വീടുകളുടെ മുകളിലും സമീപത്തെ മരങ്ങളിലും കയറി ഭക്ഷ്യവസ്തുക്കൾ നിരീക്ഷിച്ച ശേഷമാണ് നശിപ്പിക്കാൻ തുടങ്ങുന്നത്.

മരുതിമലയിൽ സംരക്ഷണം നൽകണം

നായ്ക്കളുടെ പതിവില്ലാത്ത ബഹളം കേട്ടാണ് വീട്ടുകാർ വാനരന്മാരുടെ സാന്നിദ്ധ്യം അറിയുന്നത്. ഇവയെ ഓടിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ മുതിരും. അതിനാൽ ആർക്കും ഇവറ്റകളുടെ അടുത്തേക്ക് പോകാൻ ഭയമാണ്. വഴിയാത്രക്കാർക്ക് നേരെയും വാനരന്മാർ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കട്ടയിൽ പ്രദേശത്തെ നിരവധി വീടുകളിൽ ഇവർ നാശനഷ്ടങ്ങൾ ഉണ്ടാക്കി. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കും ഇവ ഭീഷണിയാണ്.

വാനരന്മാർക്ക് അവരുടെ ആവാസകേന്ദ്രമായ മരുതിമലയിൽ ആവശ്യമായ സംരക്ഷണം നൽകാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

ഇക്കോ ടൂറിസം പദ്ധതിയുടെ നിർമ്മാണം തുടങ്ങിയതോടെ ആവാസ കേന്ദ്രങ്ങൾ നഷ്ടപെട്ടാണ് വാനരന്മാ‌ർ നാട്ടിലിറങ്ങാൻ തുടങ്ങിയത്. മരുതിമലയുടെ സന്താനങ്ങളായ ഇവർക്ക് സംരക്ഷണം നൽകണം. കാർഷിക മേഖലകളെ നശിപ്പിക്കാതിരിക്കാൻ സത്വര ഇടപെടലുകൾ ഉണ്ടാകണം.

പ്രദേശവാസികൾ

മുട്ടറ മരുതിമല.