dgghh
കലയനാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം

പുനലൂർ : പുനലൂർ റെയിൽവേ സ്റ്റേഷനും ഇടമണ്ണിനും മദ്ധ്യേ കലയനാട് കേന്ദ്രമാക്കി റെയിൽവേയുടെ ഹാൾട്ട് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കലയനാട് ഹാൾട്ട് സ്റ്റേഷൻ വേണമെന്നത് ജനങ്ങളുടെ വർഷങ്ങളായുള്ള പ്രധാന ആവശ്യമാണ്. ഗേജ് മാറ്റം പൂർത്തിയാകുന്നതിന് മുൻപേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് റെയിൽവേ അധികൃതർക്ക് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. പുനലൂർ-ചെങ്കോട്ട പാത ഇലക്ട്രിഫിക്കേഷനും ബ്രോഡ് ഗേജ് ട്രെയിനോട്ടവും തുടങ്ങിയശേഷവും ഹാൾട്ട് സ്റ്റേഷനായി ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ കലയനാടും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് ട്രെയിൻ യാത്രയ്ക്ക് പുനലൂരിലോ ഇടമണ്ണിലോ ഉള്ള റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കണം. ഇത് വലിയ യാത്രാദുരിതമുണ്ടാക്കുന്നു.

ആയിരങ്ങൾക്ക് ഉപകാരപ്രദം

കലയനാട് ഹാൾട്ട് സ്റ്റേഷൻ വന്നാൽ വട്ടപ്പട, കാരയ്ക്കാട്, ഗ്രേസിംഗ് ബ്ലോക്ക്, പ്ലാച്ചേരി, താമരപ്പള്ളി, താഴേകടവാതുക്കൽ, ഐക്കരക്കോണം, വാളക്കോട്, കൂത്തനാടി, ചാലിയക്കര, വിളക്കുവെട്ടം, അംബിക്കോണം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ട്രെയിൻ യാത്ര എളുപ്പമാകും. കൂടാതെ ശബരിമല തീർത്ഥാടകർക്കും ഇത് സഹായകമാകും. എന്നിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയ നേതൃത്വമോ ഈ വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. എന്നാൽ, ട്രെയിനോട്ടം തുടങ്ങിയ പാതയിൽ പുതിയ ഹാൾട്ട് സ്റ്റേഷൻ നിർമ്മാണം ബുദ്ധിമുട്ടെന്ന നിലപാടാണ് റെയിൽവേയ്ക്കുള്ളത്. റെയിൽവേ മന്ത്രാലയത്തിൽ
ഉന്നത സമ്മർദം ചെലുത്തിയാൽ ഹാർട്ട് സ്റ്റേഷൻ അനുവദിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നത്.