പുനലൂർ താലൂക്ക് ആശുപത്രിയിൽ തകരാറിലായ സി.ടി സ്‌കാൻ യന്ത്രം ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.പുഷ്പലതയും ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.സുനിൽ കുമാറും അറിയിച്ചു. സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ സ്കാനിംഗ് ലഭ്യമാക്കുന്നതിനാൽ നിരവധി പേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങളായ ട്യൂബിനും ബോർഡിനുമാണ് തകരാർ സംഭവിച്ചത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന ഈ ഭാഗങ്ങൾ വാർഷിക മെയിന്റനൻസ് കരാറിന്റെ ഭാഗമായി സൗജന്യമായി മാറ്റിനൽകും. പൂർണമായും ഇറക്കുമതി ചെയ്ത യന്ത്രമായതിനാൽ ഇതിന്റെ ഭാഗങ്ങൾ ഇന്ത്യയിൽ ലഭ്യമല്ല. സിംഗപ്പൂരിൽ നിന്നാണ് ട്യൂബ് എത്തിക്കേണ്ടത്. യന്ത്രം തകരാറിലായ ഉടൻതന്നെ കമ്പനിയെ അറിയിച്ചിരുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ യന്ത്രഭാഗങ്ങൾ സിംഗപ്പൂരിൽ നിന്ന് എത്തുമെന്നും അടുത്ത ആഴ്ചയിൽ ട്യൂബും ബോർഡും മാറ്റി സ്ഥാപിച്ച് യന്ത്രം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
സ്വാഭാവികമായി സംഭവിക്കുന്ന തകരാർ മാത്രമാണ് ഇവിടെ ഉണ്ടായതെന്നും യന്ത്രഭാഗങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടതുകൊണ്ടാണ് തകരാർ പരിഹരിക്കുന്നതിന് കാലതാമസമുണ്ടായതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. വസ്തുതകൾ മനസ്സിലാക്കാതെ ആശുപത്രി അധികൃതരെയും നഗരസഭാ അധികാരികളെയും കുറ്റപ്പെടുത്തുന്നവരെ തിരിച്ചറിയണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.