കൊല്ലം: എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ കൊട്ടിയം പൊലീസ് പിടികൂടി. വടക്കേവിള പുന്തലത്താഴം ചെറുവിള വീട്ടിൽ ശരത് (30), വടക്കേവിള അയത്തിൽ കക്കാടിവിളവീട്ടിൽ അരുൺ (27), ഡീസന്റ്മുക്ക് വെറ്റിലത്താഴത്ത് മുരളി സദനത്തിൽ അനന്ദു കൃഷ്ണൻ (29) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിൽ എസ്.ഐ സായി സേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊട്ടിയം പൊലീസും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഡീസന്റ്മുക്ക് കോടാലിമുക്കിന് സമീപമുള്ള അടഞ്ഞുകിടക്കുന്ന കടയുടെ പരിസരത്തുനിന്നാണ് 2.05 ഗ്രാം എം.ഡി.എം.എയുമായി അനന്തുകൃഷ്ണനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ശരത്തിനെയും അരുണിനെയും കിഴവൂർ മദ്രസക്ക് സമീത്ത് നിന്ന് 11.78 ഗ്രാം എം.ഡി.എം.എയുമായി പിടികൂടുകയായിരുന്നു.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണം ചെയ്യാനായി എത്തിച്ചതാണിത്. അന്വേഷണ സംഘത്തിൽ കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ്, എസ്.ഐ രഞ്ജു നാഥ്, സി.പി.ഒമാരായ പ്രശാന്ത്, ശംഭു എന്നിവരുമുണ്ടായിരുന്നു.