എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പുതിയതായി ആരംഭിച്ച ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ വിജയം. വരുമാനത്തിൽ വലിയ വർദ്ധനയാണ് ഇതിലൂടെ കൈവരിക്കാനായത്. ആഗസ്റ്റിൽ 2.25 ലക്ഷത്തോളം രൂപയാണ് റിസർവേഷൻ വരുമാനം. 2 ലക്ഷത്തോളം രൂപ നേരിട്ടും ബാക്കി ഓൺലൈൻ പെയ്മെന്റായും ലഭിച്ചു. ഈ മാസം ആദ്യത്തെ പത്ത് ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിൽപരം രൂപ ഈ ഇനത്തിൽ കിട്ടി.
ഇവിടെ നിന്ന് ദിവസേന ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെയും സീസൺ ടിക്കറ്റ് എടുക്കുന്നവരുടെയും എണ്ണത്തിലും വലിയ വർദ്ധനയുണ്ട്. ചെന്നെ എഗ്മോർ, വേളാങ്കണ്ണി, താംബരം തുടങ്ങിയ ദീർഘദൂര സർവീസുകൾക്ക് ഇനിയും സ്റ്റോപ്പായിട്ടില്ല. ഈ സർവീസുകൾക്ക് കൂടി സ്റ്റോപ്പനുവദിച്ചാൽ കൊല്ലം ചെങ്കോട്ട പാതയിലെ പ്രധാന സ്റ്റേഷനായി എഴുകോൺ മാറാനാണ് സാദ്ധ്യത.
പ്ലാറ്റ്ഫോം നീളം കൂട്ടൽ തുടങ്ങി
കാലുകുത്താനിടമില്ലാതെ മെമു
രാവിലെ കൊല്ലത്തേക്കുള്ള മെമു സർവീസിൽ നിലവിൽ വലിയ തിരക്കാണ്. എഴുകോണിൽ നിന്ന് കയറുന്നവർക്ക് മിക്കദിവസവും കാലുകുത്താനിടം കിട്ടാറില്ല.രണ്ട് കോച്ചുകളെങ്കിലും കൂട്ടിയാലെ ഈ പ്രശ്നം പരിഹരിക്കാനാകു.
രാവിലെ 8.40നുള്ള സർവീസിന് ശേഷം പകൽ കൊല്ലത്തേക്ക് ട്രെയിനുകളില്ലെന്നുള്ള പരാതിയും ഉണ്ട്.
കൂട്ടായ്മയുടെ വിജയം
വർഷങ്ങൾക്ക് മുൻപ് ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തി എഴുകോണിലെ ടിക്കറ്റ് വിതരണം സ്വകാര്യ ഏജൻസികൾക്ക് നൽകാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇതിനായി ടെണ്ടറും ക്ഷണിച്ചിരുന്നു. നാട്ടുകാരുടെ ശക്തമായ ചെറുത്ത് നിൽപ്പും ജനപ്രതിനിധികളുടെ ഇടപെടലും മൂലമാണ് തീരുമാനം നടപ്പിലാക്കാനാകാതെ പോയത്. ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ഒരുമിച്ച് സേവ് ഇ.കെ.എൻ. റെയിൽവേ സ്റ്റേഷൻ കാമ്പയിനാരംഭിച്ചതാണ് വഴിത്തിരിവായത്.