കുണ്ടറ: കേരളത്തിന് പുറത്തുനിന്ന് കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തിവന്ന ആന്ധ്ര സ്വദേശിനി അടക്കം നാലുപേരെ എട്ടുകിലോ കഞ്ചാവുമായി കുണ്ടറ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പെരുമ്പുഴ ചിറയടി രാജ ഭവനിൽ രഞ്ജിത്ത് (32), താമരക്കുളം സെനിൽ ഭവനിൽ സെനിൽ രാജ് (43), ആന്ധ്രാ സ്വദേശി ലക്ഷ്മി (37), ചാരുംമൂട് കരിമുളയ്ക്കൽ പുത്തൻ പുരയിൽ അരുൺ (40) എന്നിവരാണ് പിടിയിലായത്.
ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിയ സംഘം സ്വകാര്യബസിൽ ഇന്നലെ വൈകിട്ട് അഞ്ചോടെ കേരളപുരം ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ ഇറങ്ങുമ്പോഴാണ് പിടിയിലായത്. പെരുമ്പുഴ സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചശേഷം ചില്ലറ കച്ചവടം നടത്താനായിരുന്നു പദ്ധതി. റൂറൽ എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നാലുപേരെയും പൊലീസ് പിന്തുടർന്നത്. കുണ്ടറ എസ്.എച്ച്.ഒ രാജേഷ്, റൂറൽ ഡാൻസാഫ് എസ്.ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.കെ. പ്രദീപ്, അതുൽ, എ.എസ്.ഐ ജയകുമാർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.