ശാസ്താംകോട്ട: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബ കോടതി 20ന് ശാസ്താംകോട്ടയിൽ പ്രവർത്തനം ആരംഭിക്കും. പൂർണ്ണമായും കടലാസ് രഹിതമായിരിക്കും ഈ കോടതിയുടെ പ്രവർത്തനം. ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഈ കോടതിയിൽ ഏത് സമയത്തും കേസുകൾ ഫയൽ ചെയ്യാനും വിവരങ്ങൾ അറിയാനും സാധിക്കും.കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വിച്ച് ഓൺ കർമം ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി., സംസ്ഥാന വയോജന കമ്മിഷൻ ചെയർമാൻ കെ. സോമപ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി. രാജു സ്വാഗതവും, ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജ് നന്ദിയും പറയും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സുനിൽ കുമാർ, സെക്രട്ടറി അഡ്വ.ആരിജ കലേഷ് എന്നിവർ അറിയിച്ചു.

പ്രവർത്തന ചെലവ് കുറയും കേസുകൾ വേഗത്തിലാകും