കടയ്ക്കൽ : സ്ട്രോക്ക് വന്ന് കിടപ്പിലായ സീഡ് ഫാം ചേട്ടിയാർകോണം കുന്നുംപുറത്തുവീട്ടിൽ ശശിക്ക് സി.പി.എം സ്നേഹ വീട് നിർമ്മിച്ച് നൽകി. സി.പി.എം സീഡ് ഫാം ബ്രാഞ്ചാണ് 5.35 ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമ്മിച്ചത്.

ശശിയുടെ നിലവിലെ വീട് ഏത് സമയത്തും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. ലൈഫ് പദ്ധതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. തുടർന്നാണ് സി.പി.എം സീഡ് ഫാം ബ്രാഞ്ച് സ്വന്തം നിലയിൽ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്.

സ്നേഹവീടിന്റെ താക്കോൽ ദാനം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ആർ. അനി അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം. നസീർ, ഏരിയ സെക്രട്ടറി വി. സുബ്ബലാൽ, ബ്രാഞ്ച് സെക്രട്ടറി അനീഷ് പുതൂക്കോണം, നിർമ്മാണ കമ്മിറ്റി കൺവീനർ ബിജുരാജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.