കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം ജന്മദിനം ഭക്തിയുടെ നിറവിൽ സമുചിതമായി ആഘോഷിക്കുമെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമ്മയുടെ ജന്മദിനമായ 27ന് രാവിലെ 5ന് 108 ഗണപതി ഹോമങ്ങളോടെ അമൃതപുരിയിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഗുരുപാദപൂജ, അമ്മയുടെ ജന്മദിന സന്ദേശം, വിശ്വശാന്തി പ്രാർത്ഥന, ഭജന, സത്സംഗം, പ്രസാദ വിതരണം എന്നിവ നടക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന തുടങ്ങിയവ അരങ്ങേറും. അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്യും. നിർദ്ധനരായ യുവതി യുവാക്കളുടെ സമൂഹ വിവാഹം, ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എന്നിവയും നടക്കും. സമൂഹ വിവാഹത്തിലൂടെ ജീവിതത്തിലേക്ക് കടക്കുന്ന അമ്പതിലധികം യുവതി യുവാക്കൾക്ക് വസ്ത്രങ്ങളും ആഭരണങ്ങളും മഠം നൽകും. മറ്റ് വിവാഹ ചെലവുകളും വഹിക്കും. മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന പതിനയ്യായിരത്തിലധികം സ്വാശ്രയ സംഘങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വസ്ത്രങ്ങളുടെയും പ്രവർത്തന മൂലധനത്തിന്റെയും വിതരണോദ്ഘാടനവും ജന്മദിനാഘോഷ ചടങ്ങിൽ നടക്കും.

അമൃതപുരിയിലെത്തുന്ന മുഴുവൻ പേരെയും അമ്മ നേരിൽ കാണും. വിദേശികൾ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് പേരാണ് ആഘോഷങ്ങൾക്കായി ഇത്തവണ അമൃതപുരിയിലെത്തും.

അമ്മയുടെ അനുഗ്രഹവർഷം
അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശ്രമദാന പദ്ധതികൾക്കും ഇത്തവണ തുടക്കമിടുമെന്നും സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. ലോക ശുചീകരണ ദിനമായ 20ന് മഠത്തിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ മെഗാ ശുചീകരണ യജ്‌ഞം നടത്തും. 300 നിർദ്ധനരുടെ ശസ്ത്രക്രിയ ചെലവ് മഠം വഹിക്കും. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിലെ വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് ആശുപത്രികളിലുമായാണ് ശസ്ത്രക്രിയ. പതിനെട്ടുവയസിന് താഴെയുള്ള കുട്ടികൾക്കായി അമ്മയുടെ ആഹ്വാനപ്രകാരം തയ്യാറാക്കിയ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ് കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നാനൂറോളം കുട്ടികളാണ് അമ്മയുടെ ഈ പദ്ധതിയിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.

ഒരുലോകം ഒരുഹൃദയം

ഐക്യരാഷ്ട്ര സഭയിൽ ആദ്യമായി മലയാളം മുഴങ്ങിയതിന്റെ രജതജൂബിലി വർഷം കൂടിയാണിത്. 2000 ആഗസ്റ്റ് 29ന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടന്ന വിശ്വശാന്തി സമ്മേളനത്തിൽ അമ്മയാണ് ഐക്യരാഷ്ട്ര സഭയിൽ ആദ്യമായി മലയാളത്തിൽ പ്രഭാഷണം നടത്തിയത്. ഇതിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി "ഒരു ലോകം, ഒരു ഹൃദയം" എന്ന വിഷയത്തിൽ മലയാളഭാഷയുടെ പ്രചാരണവും പരിപോഷണവും ലക്ഷ്യമാക്കി മാതാ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, ചിത്രരചനാ, ക്വിസ് മത്സരങ്ങൾ നടത്തും.