
ചവറ: ചവറയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷമായി. തേവലക്കര, പന്മന, തെക്കുംഭാഗം പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വീടുകളിലും കൃഷിയിടങ്ങളിലും സംരക്ഷണവേലികൾ ചാടിക്കടന്നാണ് ഇവ എത്തുന്നത്. ഏതാനും നാൾ മുമ്പ് തേവലക്കരയിൽ പന്നി ഇറങ്ങി വാഴകൾ കുത്തിമറിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തിൽ തോട്ടിലൂടെയും കനാലിലൂടെയും മറ്റും വ്യാപകമായി ഒഴുകിയെത്തിയ പന്നികൾ പെറ്റുപെരുകിയതോടെയാണ് ശല്യം രൂക്ഷമായത്. മുമ്പ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാട്ടുപന്നികളെ കണ്ടെത്തിയിരുന്നു. ഇപ്പോൾ രാത്രികാലങ്ങളിൽ തലങ്ങും വിലങ്ങും പന്നികൾ കൂട്ടത്തോടെ പാഞ്ഞുനടക്കുന്നത് വാഹനയാത്രക്കാർക്കും ഭീഷണിയായിട്ടുണ്ട്.