കൊല്ലം: ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത 66 കൊല്ലം ബൈപ്പാസ് നിർമ്മാണം മനുഷ്യജീവനെടുക്കുന്ന കുരുതിക്കളമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. മതിയായ സുരക്ഷ ഒരുക്കാതെയും അശാസ്ത്രീയമായും തുടരുന്ന ദേശീയപാത നിർമ്മാണം യാത്രക്കാരുടെയും പൊതുജനത്തിന്റെയും ജീവന് ഭീഷണിയാണ്. കാവനാട്- മേവറം റോഡിൽ കടവൂർ നീരാവിൽ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് ശക്തികുളങ്ങര സ്വദേശിനിയുടെ ദാരുണാന്ത്യത്തിന് വഴിയൊരുക്കിയതെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു. സർവീസ് റോഡിന്റെയും ഓടയുടെയും കുഴിയെടുക്കൽ മൂലം വിദ്യാർത്ഥികളടക്കം ജീവൻ പണയംവച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നതെന്നും അടിയന്തര പരിഹാരം കാണണമെന്നും അവർ കൂട്ടിച്ചേർത്തു. ഇല്ലെങ്കിൽ ശക്തമായ സമരവുമായി പൊതുജനം തെരുവിലിറങ്ങുമെന്നും ബിന്ദു കൃഷ്ണ മുന്നറിയിപ്പ് നൽകി.