photo
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ചലച്ചിത്ര നടി കസ്തൂർബ ഏംഗൽസ് തിരിതെളിക്കുന്നു

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടി കസ്തൂർബ ഏംഗൽസ് ഭദ്രദീപം തെളിച്ച് കലാ-സാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി കേരളോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജ സുരേഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.സന്തോഷ് കുമാർ, ആർ.എസ്.അജിത കുമാരി, എ.സൂസമ്മ, അംഗങ്ങളായ ആർ.രാജശേഖരൻ പിള്ള, എസ്.ത്യാഗരാജൻ, എം.സി.രമണി, ടി.ശരത്, സെക്രട്ടറി പി.എൻ.ബിനു, മായാദേവി, കോട്ടാത്തല ശ്രീകുമാർ, ഡി.രാജു, സുശീൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കലാ സാഹിത്യ മത്സരങ്ങളും പഞ്ചായത്തിലെ വിവിധ സ്റ്റേഡിയങ്ങളിലായി കായിക മത്സരങ്ങളും നടന്നു. ഇന്ന് രാവിലെ 9ന് ഇ.വി.എച്ച്.എസ് ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരത്തോടെ മത്സരങ്ങൾ പുനരാരംഭിക്കും. വൈകിട്ട് 3ന് അവണൂരിൽ നീന്തൽ മത്സരവും 5ന് അന്നൂർ സ്കൂൾ ഗ്രൗണ്ടിൽ വോളിബാൾ മത്സരവും നടക്കും. 20ന് രാവിലെ 10ന് ഇ.വി.എച്ച്.എസ് ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങൾ, വൈകിട്ട് 4ന് നെടുവത്തൂരിൽ കബഡി, 5ന് ആനക്കോട്ടൂർ കരയോഗമന്ദിരം ജംഗ്ഷനിൽ വടംവലി മത്സരങ്ങൾ നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. സുമലാൽ, ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.