കൊല്ലം: വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (എസ്‌.ഐ.ആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച രാഷ്ട്രീയകക്ഷികളുടെ യോഗത്തിൽ യു.ഡി.എഫ് കക്ഷികൾ എതിർപ്പ് അറിയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്‌.ഐ.ആർ കേരളത്തിലും നടപ്പാക്കാൻ ശ്രമം നടക്കുകയാണ്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രം എസ്‌.ഐ.ആർ കേരളത്തിൽ നടപ്പാക്കിയാൽ മതിയെന്നും പറഞ്ഞു.

വോട്ടുചോരി ക്യാമ്പയിന്റെ ഭാഗമായി വോട്ടവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാൻ എ.ഐ.സി.സി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒപ്പ് ശേഖരണത്തിൽ എല്ലാ പ്രവർത്തകരും സഹകരിക്കണം. വിജയ സാദ്ധ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം. സ്വജനപക്ഷപാതം ഉൾപ്പടെയുളള വിഷയങ്ങൾ ഒഴിവാക്കണം. സ്ഥാനാർത്ഥി ആരായാലും വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. 2020ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചയാളേക്കാൾ നൂറുകണക്കിന് അധികം വോട്ടുകൾ നേടിയാണ് വിമതരിൽ പലരും ജയിച്ചത്. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ വീഴ്ചയാണ് ഇതിനുകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി ജന. സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എഴുകോൺ നാരായണൻ, കെ.സുരേഷ്ബാബു, എ.കെ.ഹഫീസ്, സി.ആർ.നജീബ്, നെടുങ്ങോലം രഘു, പി.ജർമ്മിയാസ്, സൂരജ് രവി, എൽ.കെ.ശ്രീദേവി, ആർ.രാജശേഖരൻ, നടുക്കുന്നിൽ വിജയൻ, ബിന്ദുജയൻ, ഫേബ സുദർശൻ, റിയാസ് ചിതറ, വെഞ്ചേമ്പ് സുരേന്ദ്രൻ, ചിറ്റുമൂല നാസർ, വാളത്തുംഗൽ രാജഗോപാൽ എന്നിവർ സംസാരിച്ചു.