പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ പ്രധാന ടൗണും ചവറ-ഭരണിക്കാവ് സംസ്ഥാനപാത കടന്നുപോകുന്നതുമായ കാരാളിമുക്കിൽ ബസ് വെയിറ്റിംഗ് ഷെഡും ആധുനിക രീതിയിലുള്ള കംഫ‌ർട്ട് സ്റ്റേഷനും നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴയിലും വെയിലിലും യാത്രക്കാർ കടത്തിണ്ണകളെ ആശ്രയിക്കേണ്ടിവരുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. കൂടാതെ, കംഫ‌ർട്ട് സ്റ്റേഷനില്ലാത്തത് ദിനംപ്രതി നൂറുകണക്കിന് ആളുകളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലെയും യാത്രക്കാരെ കൂടാതെ നിരവധി ട്രെയിൻ യാത്രക്കാർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് കാരാളിമുക്കിൽ എത്തിയശേഷം വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ചിലപ്പോൾ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ടിവരുന്ന ഇവർക്ക്, പ്രത്യേകിച്ച് ഗർഭിണികൾക്ക് പോലും ഇരിക്കാൻ ഒരിടമില്ല. പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവരുടെ വികസന ഫണ്ടുകൾ ഉപയോഗിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടൻതന്നെ ബസ് വെയിറ്റിംഗ് ഷെഡും കംഫർട്ട് സ്റ്റേഷനും നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.

കാരാളിമുക്ക് ടൗണിൽ ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതോടൊപ്പംഅത്യാധുനിക രീതിയിലുള്ള ഒരു കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കണം. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്ന 100 കണക്കിന് ആൾക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുവാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് .അധികൃതർ സത്വര നടപടി സ്വീകരിക്കണം.

പ്രമോദ് കണത്താർകുന്നം, പ്രസിഡന്റ് , കല്ലട സൗഹൃദം കൂട്ടായ്മ

കാരാളിമുക്ക് ടൗണിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ വകഭൂമി കണ്ടെത്തി അവിടെ ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുവാൻ നടപടി സ്വീകരിക്കും.

ഡോ.സി.ഉണ്ണികൃഷ്ണൻ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പടിഞ്ഞാറെ കല്ലട