കരുനാഗപ്പള്ളി: നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങൾക്കായി ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ തർക്കമുയർത്തിയതിനെ തുടർന്ന് കരുനാഗപ്പള്ളി നഗരസഭാ കൗൺസിൽ യോഗം ചേരാതെ പിരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് യോഗം ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം കാരണം സഭ തുടങ്ങാൻ കഴിഞ്ഞില്ല. നഗരസഭയുടെ മുൻ ചെയർമാൻ കോട്ടയിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കൗൺസിലർമാരും പ്രതിപക്ഷ നേതാവ് എം.അൻസാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ഒരുമിച്ചാണ് പ്രതിഷേധം ഉയർത്തിയത്. കൗൺസിലിന്റെ അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്നും അതിനാൽ ഈ നിയമനം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, ഈ ആവശ്യം നടപ്പാക്കാൻ ചെയർമാൻ തയ്യാറാകാത്തതിനെ തുടർന്ന് പ്രതിഷേധിച്ച കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. ഇതോടെ കൗൺസിൽ യോഗം കൂടാതെ പിരിയുകയായിരുന്നു.