
കൊല്ലം: കർഷകർക്കായുള്ള പി.എം കിസാൻ സമ്മാൻ നിധി ആനുകൂല്യത്തിന് വടക്കേവിള വില്ലേജിലെ വലിയൊരു വിഭാഗം കർഷകർ നൽകിയ അപേക്ഷകൾ പോർട്ടലിൽ കുടുങ്ങിക്കിടക്കുന്നു. 2021 പകുതി മുതൽ 2023 അവസാനം വരെ നൽകിയ അപേക്ഷകളാണ് കുടുങ്ങിയത്. ഈ കാലയളവിലെ അപേക്ഷളൊന്നും പി.എം കിസാൻ പോർട്ടലിൽ വടക്കേവിള കൃഷിഭവന്റെ ലോഗിനിൽ പരിശോധനയ്ക്കായി ലഭിക്കുന്നില്ല.
ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താണ് പി.എം കിസാൻ ആനുകൂല്യത്തിന് അപേക്ഷിക്കുന്നത്. ഒരു തവണ അപേക്ഷിച്ചവർക്ക് പിന്നീട് അവസരമുണ്ടാവില്ല. തങ്ങളുടെ അപേക്ഷകൾ പോർട്ടലിലെ തകരാറിൽ കുടുങ്ങിയത് ചൂണ്ടിക്കാട്ടി വടക്കേവിള വില്ലേജിലുള്ളവർ കൃഷി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇവർ ഇടയ്ക്കിടെ വില്ലേജ് ഓഫീസിലെത്തി നിരാശരായി മടങ്ങുന്നു. 2021 ജൂണിന് മുൻപും 2023ന് ശേഷവും നൽകിയ അപേക്ഷകൾവടക്കേവിള കൃഷി ഭവൻ ലോഗിനിൽ ലഭ്യമായി പരിശോധിച്ചിട്ടുണ്ട്.
പോർട്ടലിൽ ഓൺലൈനായി രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഈ രേഖകൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ സമർപ്പിക്കണം. കൃഷി ഭവൻ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് ശുപാർശ ചെയ്യും. അതിന് ശേഷം കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ പരിശോധന കഴിഞ്ഞ് പി.എം കിസാൻ കേന്ദ്ര സെല്ലാണ് അപേക്ഷകൾ അംഗീകരിക്കുന്നത്.
പി.എം കിസാൻ സമ്മാൻ നിധി
രണ്ടേക്കറിലധികം കൃഷി ഭൂമിയില്ലാത്ത കർഷകർക്ക് പ്രതിവർഷം 6000 രൂപ
കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തും
ഭൂമിയുടെ കരമടച്ച രസീത്, ഭൂവുടമയുടെ ആധാർ, ബാങ്ക് രേഖ എന്നിവ സഹിതം അപേക്ഷിക്കണം