എഴുകോൺ: നാഡിവ്യൂഹത്തെ ബാധിക്കുന്ന ഗില്ലൻ ബാരെ സിൻഡ്രോം (ജി.ബി.എസ്) എന്ന അപൂർവ രോഗം ബാധിച്ച ഇടയ്ക്കിടം നടമേൽ അനിൽ ഭവനത്തിൽ, ബി.അനിൽരാജന്റെ ഭാര്യ രേഖ (51) തി​രുവനന്തപുരം മെഡി​. ആശുപത്രി​ ഐ.സി​.യുവി​ൽ ഗുരുതരാവസ്ഥയി​ൽ. ലക്ഷത്തി​ൽ ചി​ലർക്ക് മാത്രം പി​ടി​പെടുന്ന രോഗമാണി​ത്.

അണുബാധയാണ് കാരണം. ഓണാവധിയുടെ തുടക്കത്തിലാണ് രേഖയ്ക്ക് രോഗലക്ഷണം പ്രകടമായത്. പേശികൾക്ക് ബലക്കുറവും ക്ഷീണവും എഴുന്നേൽക്കാനാകാത്ത സ്ഥിതിയുമായി. ഗൈനക്ക് ചികിത്സയിലായിരുന്നതിനാൽ ഈ ഡോക്ടറെയാണ് ആദ്യം കണ്ടത്. രോഗം കലശലായതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കാത്സ്യക്കുറവിനുള്ള മരുന്ന് ഒരു മാസം കഴിക്കാനായിരുന്നു നിർദ്ദേശം. പേശി​വേദന അസഹ്യമായതിനെ തുടർന്ന് പൂയപ്പള്ളിയിലുള്ള സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ എത്തിയപ്പോഴാണ് ജി.ബി.എസ് രോഗലക്ഷണസംശയം ഉണ്ടായത്. തുടർന്ന് പാരിപ്പള്ളി മെഡി. ആശുപത്രി​യി​ൽ എത്തി. പ്രാഥമിക പരിശോധനയിൽ തന്നെ രോഗം തിരിച്ചറിഞ്ഞതോടെ തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.


ലക്ഷത്തി​ൽ ചി​ലരെ ബാധി​ക്കുന്ന രോഗം

 രോഗം വരുത്തുന്നത് കാംപിലോ ബാക്ടർ ജെജുനി ബാക്ടീരിയ

 കൈകാലുകളിലെ പേശി​ ബലക്കുറവ് തുടക്ക ലക്ഷണം

 ഇരുന്നിടത്ത് നിന്ന് സ്വയം എഴുന്നേൽക്കാനാകാത്ത സ്ഥിതി

 നാഡിവ്യൂഹങ്ങളുടെ സംരക്ഷണ കവചത്തിന് കേടുണ്ടാവും

 രോഗപ്രതിരോധ സംവിധാനങ്ങളെ ബാധിക്കും

 തലച്ചോറിൽ നിന്ന് ശരീരാവയവങ്ങളിലേക്കുള്ള സന്ദേശങ്ങൾ തടസപ്പെടും

 പക്ഷാഘാതത്തിനും ശ്വാസകോശങ്ങൾ തകരാറിലാകാനും സാദ്ധ്യത

 മജ്ജ മാറ്റിവയ്ക്കൽ തെറാപ്പി പ്രധാന ചികിത്സ

ദിവസം അഞ്ച് യൂണിറ്റ് രക്തം

മജ്ജ മാറ്റിവയ്ക്കൽ തെറാപ്പിയാണ് രേഖയ്ക്ക് ചെയ്യുന്നത്. ഇതിന് ദിവസം 5 യൂണിറ്റ് രക്തം വേണം. ഒ നെഗറ്റീവാണ് രക്തഗ്രൂപ്പ്. ഇതിനകം 25 യൂണിറ്റോളം രക്തം നൽകി. ചികിത്സ തുടരേണ്ട സാഹചര്യത്തിൽ രക്തദാതാക്കളുടെ വലിയ പിന്തുണ ആവശ്യമുണ്ട്. നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഏത് രക്തവും നൽകാം എന്നതാണ് ആശ്വാസം.

പകർച്ചവ്യാധി അല്ലെങ്കിലും അപകടകരമാകാവുന്ന രോഗമാണിത്. വൈറൽ പനി, ചിക്കൻപോക്സ് തുടങ്ങിയ പകർച്ച വ്യാധികൾക്കൊപ്പം ചിലരിൽ ഈ രോഗം കണ്ടുവരുന്നുണ്ട്.

ഹെൽത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം