കൊല്ലം: പൊലീസ് - ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 12 പേർ മരിച്ചതിന് പുറമേ നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത കരുനാഗപ്പള്ളി പൂത്തൻ തെരുവ് ടാങ്കർ ദുരന്തക്കേസിലെ മൂന്നാം പ്രതിയായ ഐ.ഒ.സി ഉദ്യോഗസ്ഥന്റെ വിടുതൽ ഹർജി വാദത്തിനായി മാറ്റി. കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

2009 ഡിസംബർ 31നായിരുന്നു ഗ്യാസ് ടാങ്കർ ദുരന്തം. ഗ്യാസുമായി മാംഗളൂരുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊല്ലത്തുള്ള പ്ലാന്റിലേക്ക് വരുകയായിരുന്ന ടാങ്കർ ലോറി കരുനാഗപ്പള്ളി പുത്തൻതെരുവിൽ വച്ച് എതിരെ വന്ന വാഗണർ കാറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് ചോർന്ന് പരിസരം മുഴുവൻ പടർന്നു. പൊലീസും ഫയർഫോഴ്സു‌ം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ പൊലീസ് ജീപ്പ് സ്റ്റാർട്ട് ചെയ്‌തപ്പോൾ ഉണ്ടായ സ്‌പാർക്കിൽ തീ പടർന്നു പിടിച്ചാണ് ദുരന്തമുണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സ്റ്റേ ഉണ്ടായിരുന്നതിനാലാണ് വിചാരണയ്ക്ക് കാലതാമസം ഉണ്ടായത്. പ്രതികൾക്ക് കുറ്റപത്രം നൽകാൻ ഇരിക്കെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനായ മൂന്നാം പ്രതി വിടുതൽ ഹർജി നൽകിയിരിക്കുന്നത്.

അപകടത്തിലുള്ള കുട്ടുത്തരവാദിത്വത്തിന് പുറമേ എക്സ്‌പ്ലോസീവ് അക്ട്, പ്രഷർ വെസർ റൂൾസ് എന്നിവ പ്രകാരമുള്ള സുരക്ഷ ടാങ്കർ ലോറിക്ക് ഉറപ്പുവരുത്തിയിട്ടില്ലെന്ന കുറ്റമാണ് മൂന്നാം പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്. എന്നാൽ അപകടത്തിൽ നേരിട്ട് പങ്കില്ലെന്ന വാദമാണ് പ്രതി ഉന്നയിക്കുന്നത്. 227 സാക്ഷികൾക്ക് പുറമേ 92 രേഖകളും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഹാജരാക്കിയിട്ടുണ്ട്. അഡ്വ. എൻ.ചിദംബരം സി.എസ്.മഹേശ്വരി എന്നിവരാണ് മൂന്നാം പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജാരാകുന്നത്.