sivad

പുനലൂർ: തെന്മലയിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് മിനി ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മരിച്ചു. വ്യാഴാഴ്ച രാത്രി 11.30 ഓടെ തെന്മല കെ.ഐ.പി ജംഗ്ഷനിലെ പാലത്തിലായിരുന്നു അപകടം. തമിഴ്നാട് വെല്ലൂർ സ്വദേശിയും മിനി ലോറി ഉടമയും ഡ്രൈവറുമായ ശിവശങ്കരനാണ് (57) മരിച്ചത്.

തിരുവനന്തപുരം ഭാഗത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ടോറസുമായാണ് കൂട്ടിയിടിച്ചത്. മിനി ലോറിയുടെ മുൻവശം പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുനലൂരിൽ നിന്ന് അഗ്നിശമന സേന എത്തി ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.