പുനലൂർ: തെന്മല ഡാം ജംഗ്ഷൻ മുതൽ തെന്മല വരെയുള്ള പാതയിൽ വാഹനാപകടങ്ങളും മരണങ്ങളും നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ ദിവസം രണ്ട് ലോറികൾ കൂട്ടിയിടിച്ച അപകടത്തിൽ ഡ്രൈവർ മരിച്ചതാണ് ഈ പാതയിലെ ഏറ്റവും പുതിയ സംഭവം. ജൂലായ് 31-ന് ഇവിടെ ഒരു പിക് അപ് വാൻ ഇടിച്ചുകയറി തൊഴിലുറപ്പ് തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചിരുന്നു. തെന്മല ഭാഗത്തുനിന്ന് ഡാമിലേക്ക് വരുന്ന റോഡ് കൊടുംവളവുകളും വീതി കുറഞ്ഞതുമാണ്. വഴിവിളക്കുകളോ അപായ സിഗ്നലുകളോ സ്ഥാപിക്കാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഡാം ജംഗ്ഷൻ ഇറക്കത്തിലാണ് സ്ഥിതി ചെയ്യുന്നത്, ഇവിടെ മൂന്ന് റോഡുകൾ കൂടിച്ചേരുന്നുണ്ട്. ആറുവർഷം മുൻപ് ചരക്ക് ലോറി ഇടിച്ച് നശിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇതുവരെ പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തെന്മലയുടെ പ്രധാന പ്രവേശന കവാടമായ ഈ ജംഗ്ഷൻ രാത്രി ഏഴുമണി കഴിഞ്ഞാൽ കൂരിരുട്ടിലാകും.
ബോർഡുകൾ തടസം
പുനലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തെന്മലയിലേക്കും കുളത്തൂപ്പുഴയിലേക്കും പ്രവേശിക്കുന്നത് ഈ ജംഗ്ഷനിൽ നിന്നാണ്. കൂടാതെ, തെന്മലയിൽ നിന്ന് ഡാം ജംഗ്ഷനിലേക്ക് വരുന്ന വഴിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ കുളത്തൂപ്പുഴ റൂട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കും എതിരെ വരുന്ന വാഹനങ്ങൾക്കും കാണാൻ സാധിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
അപകടസാദ്ധ്യത കുറയ്ക്കുന്നതിനായി ദിശാബോർഡുകൾ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണം.
ഡാം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കണം. . അധികാരികൾ ഈ വിഷയത്തിൽ എത്രയും വേഗം ഇടപെടണം. നാട്ടുകാർ