പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടിലാകുന്ന അടിപ്പാതയിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് അനുവദിച്ചു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ദിവസങ്ങൾക്കുള്ളിൽ പണികൾ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

നിർമ്മാണം പൂർത്തിയായിട്ടും ദുരിതം

രണ്ടര വർഷം മുമ്പാണ് റെയിൽവേ ഇവിടെ പുതിയ അടിപ്പാത നിർമ്മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. നിർമ്മാണം പൂർത്തിയായപ്പോൾത്തന്നെ ലൈറ്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്തകൾ നൽകിയിരുന്നു. എന്നാൽ അന്ന് നാട്ടുകാരുടെ ആവശ്യങ്ങളോട് റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചില്ല. പകരം ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് അനുമതി നൽകാമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് തടസമായിരുന്ന സമീപത്തെ റെയിൽവേ ഗേറ്റിന് പകരമാണ് ഇവിടെ അടിപ്പാത അനുവദിച്ചത്. നാട്ടുകാരുടെ ദീർഘനാളത്തെ പരാതികളും നിവേദനങ്ങളും കേരള കൗമുദി വാ‌ർത്തയും പരിഗണിച്ചാണ് റെയിൽവേ അടിപ്പാത അനുവദിച്ചത്. എന്നാൽ, വെളിച്ചമില്ലാത്തത് കാരണം രാത്രികാലങ്ങളിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്.

കാരാളിമുക്കിൽ നിന്ന് തലയിണക്കാവ് ഭാഗത്തേക്ക് രാത്രിയിൽ സ്ഥല പരിചയമില്ലാത്ത വാഹന യാത്രക്കാർ പി.ഡബ്ല്യു.ഡി റോഡ് വഴി അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപം എത്തുമ്പോൾ അടിപ്പാതയിലേക്ക് പുതുതായി നിർമ്മിച്ച വഴി ഇരുട്ടുകൊണ്ട് കാണാത്തതിനാൽ തിരികെ പോകേണ്ട അവസ്ഥയാണ് . റെയിൽവേ ഗേറ്റിന്റെ മറുവശത്തുള്ള സ്ഥലത്ത് എത്താൻ കിലോമീറ്റർ യാത്ര ചെയ്യണം. ഇത് ഒഴിവാക്കുവാൻ പ്രധാന റോഡിൽ നിന്ന് അടിപ്പാതയിലേക്ക് തിരിയുന്ന ഭാഗത്ത് ദിശ ബോർഡ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

ഷിജി അരവിന്ദ് മന്ദിരത്തിൽ

കോതപുരം

അടിപ്പാതയിൽ ലൈറ്റുകൾ സ്ഥാപിക്കുവാൻ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട് .സർക്കാരിൽ നിന്ന് തുക കെ.എസ്.ഇ.ബി യ്ക് ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തികൾ ആരംഭിക്കും. കൂടാതെ പ്രധാന റോഡിൽ ദിശാ ബോർഡ് സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കും.

ഡോ.സി.ഉണ്ണികൃഷ്ണൻ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പടിഞ്ഞാറെകല്ലട