കൊല്ലം: ഈഗിൾ ഐ പദ്ധതി വഴി പൊലീസിനായി ബോഡി വേൺ കാമറ വാങ്ങിയതിൽ കോടികളുടെ ക്രമക്കേടുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. 2018 ലാണ് ഈഗിൾ ഐ പദ്ധതിയിലൂടെ 310 ക്യാമറകൾ വാങ്ങാൻ തീരുമാനിച്ചത്. രണ്ട് സ്ഥാപനങ്ങളാണ് ഒരേ സവിശേഷതകളുള്ള ക്യാമറകൾ വ്യത്യസ്ത വിലകളിൽ പൊലീസിന് നൽകിയത്. മൂന്നു വർഷമാണ് വാറണ്ടി. 2018 ൽ ആരംഭിച്ച പദ്ധതി പ്രകാരം 10 ജില്ലകളിലെ റൂറൽ, സിറ്റി ജില്ലാ പൊലീസ് മേധാവികൾക്കാണ് വിതരണം ചെയ്തത്. 2023ൽ വിതരണം പൂർത്തിയായപ്പോഴേക്കും കാമറകളുടെ ഗ്യാരണ്ടി കാലാവധി കഴിഞ്ഞു. കിട്ടിയ കാമറ അമിതമായ ചൂടു മൂലം ശരീരത്തിൽ ധരിക്കാൻ പല ഉദ്യോഗസ്ഥരും വിമുഖത കാട്ടി. വാറണ്ടി കാലാവധി കഴിഞ്ഞതിനാൽ കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ല.
ഒരു പൈലറ്റ് പ്രോജക്ട് പോലുമില്ലാതെയാണ് ഈഗിൾ ഐ പദ്ധതി നടപ്പാക്കിയത്. പൊതുജനാവിനെ കോടികൾ നഷ്ടമുണ്ടാക്കിയ ഇടപാടിൽ വലിയ അഴിമതിയുണ്ട്. പൊലീസ് സംവിധാനത്തിന്റെ മുകൾത്തട്ടിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്ന് വിഷ്ണു സുനിൽ പറഞ്ഞു.