ക്ലാപ്പന: ബസ് യാത്രക്കിടെ ക്ലാപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. സി.പി.ഐ ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സജീവ്. ഇന്നലെ രാവിലെ അപകടത്തിൽ പരിക്കേറ്റ രോഗിയെ ആശുപത്രിയിലാക്കിയ ശേഷം ഓച്ചിറയിൽ നിന്ന് ആലുംപീടികയിലേക്ക് പോകുന്നതിനായി കൂട്ടുംഗൽ ബസിൽ കയറിയതായിരുന്നു അദ്ദേഹം. ടിക്കറ്റെടുക്കാൻ പണം ഇല്ലാതിരുന്നതിനാൽ ഗൂഗിൾ പേ വഴി പണം നൽകാമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർക്ക് ഗൂഗിൾ പേ ഉണ്ടായിരുന്നില്ല. പണം നൽകാതെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് കണ്ടക്ടർ നിർബന്ധം പിടിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ആലുംപീടികയിലെ കടയിൽനിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. ആലുംപീടികയിലെത്തിയപ്പോൾ പണവുമായി കാത്തുനിന്നയാളിൽ നിന്ന് പണം വാങ്ങി നൽകിയെങ്കിലും കണ്ടക്ടർ ടിക്കറ്റും ബാക്കി പണവും നൽകാതെ ബസ് മുന്നോട്ടെടുത്തു. ബസ് തിരികെ വന്നപ്പോൾ സജീവ് ഓണമ്പള്ളിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞാണ് ടിക്കറ്റും ബാക്കി പണവും വാങ്ങിയത്. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ബസ് ഡ്രൈവർ രാമപുരം ദിവ്യദർശനത്തിൽ രഞ്ജു കുമാർ (37) മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ, വൈസ് പ്രസിഡന്റിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അധിക്ഷേപം നടത്തിയവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. അതേസമയം, വൈസ് പ്രസിഡന്റ് ബസ് ജീവനക്കാരെ മർദിച്ചുവെന്ന് ആരോപിച്ച് ബസ് ജീവനക്കാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.