xp
നിസാം

തഴവ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. തൊടിയൂർ മുഴങ്ങോടി നിഷാദ് മൻസിലിൽ നിസാം (29) ആണ് അറസ്റ്റിലായത്. പരാതിക്കാരനായ രാഹുൽ പ്രതിയായ കിരണിനെ പിടിച്ചുതള്ളിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തൊടിയൂർ കൊറ്റിനാക്കാല ക്ഷേത്രത്തിന് സമീപം നിൽക്കുകയായിരുന്ന രാഹുലിനെ നിസാമും കിരണും ചേർന്ന് മർദ്ദിക്കുകയും ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ നിസാമിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയായ കിരണിനായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു . കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ് എച്ച്ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, പ്രസന്നൻ എസ് .എസ്. സി .പി .ഓ ഹാഷിം ,സി.പി .ഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.