ക്ലാപ്പന: ക്ലാപ്പന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത ബ്ലഡ് പ്രഷർ ഗുളിക ഒടിയ്ക്കാൻ കഴിയാതെ റബർ പോലെ വളയുന്നതായി പരാതി. ഇതേ തുടർന്ന് ഗുളികയുടെ വിതരണം നിറുത്തിവെക്കുകയും, ഗുളിക വാങ്ങിയിട്ടുള്ളവർ കഴിക്കരുതെന്നും അറിയിച്ചു. ക്ലാപ്പന ഏഴാം വാർഡിലെ കാവുംതറയിൽ ഹാജിറ ഉമ്മയാണ് ഗുളിക ഒടിയ്ക്കാൻ ശ്രമിച്ചപ്പോൾ ഇത് റബർ പോലെ വളയുന്നത് ശ്രദ്ധിച്ചത്. ഉടൻതന്നെ ഇവർ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് വിതരണം ചെയ്ത ഗുളികയാണ് ഇത്തരത്തിൽ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. ഗുളികയുടെ കൂടുതൽ പരിശോധനകൾക്കായി ഡ്രഗ്സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.