കൊല്ലം: മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയും വിധം കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്താൻ ഉദ്ദേശിച്ചുള്ള 2025ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ നിയമസഭയിൽ അവതരിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ നടപടിയെ ഇന്നുചേർന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം അഭിനന്ദിച്ചു.

കേരളത്തിലെ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയ്ക്ക് കടുത്ത ഭീഷണിയായി മാറിയ ഒരു പ്രശ്നമാണ് വന്യജീവി അക്രമണം. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേരള നിയമസഭ തന്നെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്. ഈ വിഷയത്തിൽ കേന്ദ്രം സ്വീകരിച്ചുവന്ന രാഷ്ട്രീയ ഗൂഢാലോചനയും ഇരട്ടത്താപ്പും ഈ ബിൽ അവരുടെ അവതരണത്തോടെ പൊളിഞ്ഞു. ആക്രമണകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കേരള സർക്കാർ സമീപിച്ചിട്ടും കേന്ദ്രം അനങ്ങാപ്പാറ സമീപനമാണ് സ്വീകരിച്ചത്. ഈ സഹാചര്യത്തിലാണ് ബിൽ അവതരിപ്പിക്കേണ്ടി വന്നത്.

വിഷയത്തിൽ കക്ഷിഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.എച്ച്.ഷാരിയാർ, അഡ്വ. ആർ.വിജയകുമാർ, എക്സ്.ഏണസ്റ്റ്, സബിതാബീഗം, സി.കെ.ഗോപി, ബെന്നി കക്കാട്, ആർ.കെ.ശശിധരൻപിള്ള, വി.കെ.അനിരുദ്ധൻ, അഡ്വ. എച്ച്.രാജു, ബി.ഇക്ബാൽ, നുജുമുദ്ദീൻ അഹമ്മദ്, സൈനുദ്ദീൻ ആദിക്കാട്, ആർതർ ലോറൻസ്, പുത്തൂർ രാധാകൃഷ്ണൻ, ഇക്ബാൽ കുട്ടി, മംഗലത്ത് ചന്ദ്രശേഖരൻപിള്ള, തൊടിയിൽ ലുക്മാൻ, സബീർ തട്ടപ്പള്ളി, എം.തോമസ്, ചന്ദനത്തോപ്പ് അജയകുമാർ, സി.എൻ.ചന്ദ്രൻ, അശോകൻ കൊല്ലം, പുത്തൂർ സനിൽ എന്നിവർ പങ്കെടുത്തു.