കൊല്ലം: പോളയത്തോട് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് റെയിൽവേ ഗേറ്റ് അടയ്ക്കാൻ അനുമതി ആവശ്യപ്പെട്ട് നിർവഹണ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ) ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. അടുത്തമാസം നിർമ്മാണം ആരംഭിച്ചേക്കും.
ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിക്കുന്ന കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര വിതരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് നിർമ്മാണ നടപടി ആരംഭിച്ചത്. ഗതാഗതം തിരിച്ചുവിടാനുള്ള പ്ലാനും കെ.ആർ.ഡി.സി.എൽ സമർപ്പിച്ചിട്ടുണ്ട്. കളക്ടർ അനുമതി നൽകിയാൽ പോളയത്തോട് ലെവൽക്രോസ് റെയിൽവേ സ്ഥിരമായി അടയ്ക്കും. ആർ.ഒ.ബി നിർമ്മാണത്തിന് കൊച്ചി ആസ്ഥാനമായുള്ള സ്കിൽഡ് കൺസ്ട്രക്ഷൻസുമായി കെ.ആർ.ഡി.സി.എൽ 24 കോടിയുടെ കരാർ ഒപ്പിട്ടിട്ടുണ്ട്. ഭൂമിക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരത്തിനായി 11.34 കോടിയും പുനരധിവാസത്തിനായി 28.48 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. നഷ്ടപരിഹാരം ലഭിച്ചവരോട് ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ വൈകാതെ ആവശ്യപ്പെടും.
ഇരവിപുരം ആവർത്തിക്കരുത്!
ഒന്നരവർഷമാണ് നിർമ്മാണ കാലാവധി. എന്നാൽ, ഇരവിപുരം ആർ.ഒ.ബി പോലെ പോളയത്തോട്ടിലെ നിർമ്മാണം ആനന്തമായി നീളുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇടറോഡുകളിലൂടെയുള്ള വട്ടം ചുറ്റൽ അധികകാലം നീട്ടരുതെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. ഇരവിപുരം ആർ.ഒ.ബി സംസ്ഥാന സർക്കാർ ഏജൻസിയും റെയിൽവേയും സംയുക്തമായാണ് നിർമ്മിക്കുന്നത്. എന്നാൽ പോളയത്തോട് മേൽപ്പാലത്തിൽ റെയിൽവേ ലൈനിന്റെ മുകൾ ഭാഗത്തെ നിർമ്മാണവും നിർവഹണ ഏജൻസിയായ കെ.ആർ.ഡി.സി.എല്ലിന്റെ നേതൃത്വത്തിലാണ്.
...........................
കരാർ തുക ₹ 24 കോടി
നിർമ്മാണ കാലാവധി: 18 മാസം
നീളം: 400 മീറ്റർ (അപ്രോച്ച് റോഡ് സഹിതം)
വീതി: 10.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഒരുവശത്ത്)