പടിഞ്ഞാറെ കല്ലട: ദേശീയ, സംസ്ഥാന പാതകളിൽ രാത്രിയിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് യാത്രക്കാരിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ രാത്രിയിൽ വെളിച്ചക്കുറവുള്ള റോഡുകളുണ്ട്. പ്രത്യേകിച്ച് നിർമ്മാണം നടക്കുന്ന ദേശീയപാതകളിൽ, കാക്കി യൂണിഫോം മാത്രം ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്.
അപകടസാദ്ധ്യതകളേറെ
മദ്യപിച്ചും അശ്രദ്ധയോടും വാഹനം ഓടിക്കുന്നവരാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. കൂടാതെ, കാഴ്ചക്കുറവുള്ള പ്രായമായ ഡ്രൈവർമാരും അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. രാത്രികാല ഡ്യൂട്ടിയിൽ സുരക്ഷയുടെ ഭാഗമായി ഉപയോഗിക്കേണ്ട റിഫ്ലെക്ടീവ് ജാക്കറ്റും, ചുവപ്പും പച്ചയും നിറത്തിലുള്ള ഫ്ലാഷ് ലൈറ്റ് ബാറ്റണുകളും പലയിടത്തും പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നില്ല. ഇത് അവരുടെ ജീവന് തന്നെ ഭീഷണിയാകാൻ സാദ്ധ്യതയുണ്ട്.
രാത്രികാലങ്ങളിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന പൊലീസുകാർ നിർബന്ധമായും നിയമാനുസൃതമായ റിഫ്ലക്റ്റീവ് ജാക്കറ്റും സിഗ്നൽ ബാറ്റൺ ലൈറ്റും ഉപയോഗിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കും.
ടി .കെ.വിഷ്ണുപ്രദീപ്, റൂറൽ എസ്.പി,
കൊട്ടാരക്കര