photo
അമ്മയുടെ ജന്മദിനാഘോഷങ്ങൾക്കായി നിർമ്മിക്കുന്ന കൂറ്റൻ പന്റൽ

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം പിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരിയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 27-നാണ് ലോകമെമ്പാടുമുള്ള ഭക്തർ അമ്മയുടെ തിരുജയന്തി ആഘോഷിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്കായി അമൃതാ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ കൂറ്റൻ പന്തലിന്റെ നിർമ്മാണം ആഴ്ചകൾക്ക് മുൻപേ ആരംഭിച്ചിരുന്നു.

മാതാഅമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരിയാണ് പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിച്ചത്. ഏകദേശം ഒരു ലക്ഷം പേർക്ക് ഒരേസമയം ഇരിക്കാവുന്ന രീതിയിലാണ് പന്തൽ നിർമ്മിക്കുന്നത്. ഇതിന് ഇരുവശങ്ങളിലുമായി അനുബന്ധ പന്തലുകളും ഉണ്ടാകും. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ നടക്കുന്ന പാദപൂജയും മറ്റ് പരിപാടികളും എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ പന്തലിനുള്ളിലും പുറത്തും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. പാദപൂജ നടക്കുന്ന പ്രത്യേക വേദിയുടെ പണികളും തുടങ്ങിയിട്ടുണ്ട്. ഏകദേശം 5 ലക്ഷത്തോളം ഭക്തർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അമൃതപുരിയിൽ എത്തുമെന്നാണ് ആശ്രമാധികൃതരുടെ പ്രതീക്ഷ. ഇവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.