ചവറ: തേവലക്കര പടിഞ്ഞാറ്റേക്കരയിലെ പൈപ്പ് റോഡിനോട് ചേർന്നുള്ള കാട് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് കാരണം ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.
വിഷപ്പാമ്പുകൾ നിരവധി
പൈപ്പ് റോഡിനും തൊഴിലാളി ജംഗ്ഷനും ഇടയിലുള്ള റോഡിന്റെ വശങ്ങളിലാണ് കാട് നിറഞ്ഞ് കിടക്കുന്നത്. ഇത് കാരണം പകൽ സമയങ്ങളിൽ പോലും വിഷപ്പാമ്പുകളെ കാണുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്
അധികൃതർ അവഗണിക്കുന്നു
മഴക്കാലത്തിന് മുന്നോടിയായി നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പോലും ഈ ഭാഗം ഉൾപ്പെടുത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് അധികൃതരോടും വാട്ടർ അതോറിട്ടി അധികൃതരോടും പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു. എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് നാട്ടുകാർ.