കൊല്ലം: പരാതി അന്വേഷിക്കാൻ എത്തിയ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ പടപ്പക്കര എൻ.എസ് നഗർ സ്വദേശി സെബാസ്റ്റ്യനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.

പടപ്പക്കര എൻ.എസ് നഗർ മണിപ്പൊയ്കയിൽ വീട്ടിൽ ജയകുമാറിന്റെ (66) മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അന്വേഷിക്കാനാണ് ഉദയകുമാർ സ്ഥലത്തെത്തിയത്. അർബുദ ബാധിതനായി മരിച്ച ജയകുമാറിന്റെ സംസ്കാര ചടങ്ങിനെ ചൊല്ലി പ്രദേശവാസികളിൽ ചിലർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ജയകുമാറിന്റെ ഭാര്യ ഡോ.മീന കുണ്ടറ പൊലീസിൽ വിവരം അറിയിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു. തുടർന്നാണ് ഉദയകുമാർ അന്വേഷണത്തിനായി എത്തിയത്. വിവരങ്ങൾ ചോദിച്ച് മനസിലാക്കുന്നതിനിടെ സെബാസ്റ്റ്യനും സമീപവാസിയായ പ്രദീപും ചേർന്ന് പിന്നിൽ നിന്ന് മർദ്ദിക്കുകയായിരുന്നു. ഉദയകുമാർ അറിയിച്ചതിനെ തുടർന്നെത്തിയ കുണ്ടറ പൊലീസ് സംഭവസ്ഥലത്തു നിന്ന് സെബാസ്റ്ര്യനെ പിടികൂടി. പൊലീസ് എത്തുമ്പോഴേക്കും പ്രദീപ് രക്ഷപ്പെട്ടു.