yesu

കൊല്ലം: അയൽവാസിയായ സ്ത്രീയെ മുൻവിരോധത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് 10 വർഷവും 9 മാസവും കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരയം പടപ്പക്കര കരിക്കുഴിയിൽ ഷീനിവാസ് വീട്ടിൽ യേശുദാസനെയാണ് (62) കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി എം.എസ്.ഉണ്ണിക്കൃഷ്ണൻ ശിക്ഷിച്ചത്. അയൽവാസിയായ പടപ്പക്കര വാളാത്തി പൊയ്കയിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷൈലയെ (42) പ്രതിയും മകനും ചേർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് വിധി.

2015 ഡിസംബർ 26ന് രാത്രി 8.30നായിരുന്നു സംഭവം. കുറ്റപത്രം ഇങ്ങനെ: പ്രതിയും മകൻ ഷീനും ചേർന്ന് മത്സ്യത്തൊഴിലാളിയായ ഷൈലയെ കത്താൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മത്സ്യ വില്പനയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ ഷൈലയെ പ്രതികൾ തടഞ്ഞുനിറുത്തി. തുടർന്ന് രണ്ടാം പ്രതി ഷീൻ കത്താൾ കൊണ്ട് ഷൈലയുടെ തലയിൽ വെട്ടി. തുടർന്ന് യേശുദാസൻ മകന്റെ കൈയിൽ നിന്ന് കത്താൾ പിടിച്ചു വാങ്ങി ഷൈലയെ വെട്ടി. ഷൈലയുടെ കൈയിലും തലയിലും മുതുകിലുമായി പതിനഞ്ചോളം മുറിവുകളേറ്റിരുന്നു.

ഷൈലയുടെ നിലവിളി കേട്ട് ഭർത്താവും മകനും അയൽവാസികളും ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഷൈലയുടെ വീട്ടിൽ വിരുന്ന് വന്ന ബന്ധുക്കളും ഷീനുമായി തമ്മിൽ വഴക്ക് നടന്നിരുന്നു. അതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ഷൈലയുടെ തലയോട്ടി പൊട്ടി മാരകമായ മുറിവേറ്റിരുന്നു.

കുണ്ടറ എസ്.ഐ ആയിരുന്ന എം.വി.അരുൺ ദേവ് രജിസ്റ്റർ ചെയ്ത കേസിൽ തുടർന്നെത്തിയ എസ്.ഐ കെ.സദൻ അന്വേഷണം നടത്തി. ഇൻസ്പെക്ടർ സി.എസ്.സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.വിനോദ്, എ.നിയാസ് എന്നിവർ ഹാജരായി. പിഴ ഒടുക്കാതിരുന്നാൽ പ്രതി ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം പരിക്ക് പറ്റിയ ഷൈലക്ക് നൽകാനും ഉത്തരവായി. കേസിൽ രണ്ടാം പ്രതി ഷീന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.